വളാഞ്ചേരിയിലെ ബൈപാസ് റോഡുകള്‍ വികസിപ്പിക്കും

വളാഞ്ചേരി: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ രണ്ട് റിങ് റോഡുകളുടെ വികസനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കോഴിക്കോട് റോഡില്‍നിന്ന് പെരിന്തല്‍മണ്ണ റോഡിലേക്ക് എത്തിച്ചേരുന്ന മീമ്പാറ-വൈക്കത്തൂര്‍ റോഡ്, കുറ്റിപ്പുറം റോഡില്‍നിന്ന് പട്ടാമ്പി റോഡുമായി ബന്ധിപ്പിക്കുന്ന മൂച്ചിക്കല്‍-കരിങ്കല്ലത്താണി റോഡ് എന്നിവയുടെ വികസനത്തിന് എം.എല്‍.എയുടെ ശ്രമഫലമായി സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കാനായി പ്രത്യേക ഫണ്ട് വകയിരുത്താത്തതിനാല്‍ റോഡിന് സമീപത്തെ സ്ഥലമുടമകളുടെ സഹകരണത്തോടെയാകും രണ്ട് റോഡുകളും ബൈപാസായി വികസിപ്പിക്കുക. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ടെക്നിക്കല്‍ കമ്മിറ്റി രൂപവത്കരിക്കാനും രുപരേഖ തയാറാക്കാനും യോഗം തീരുമാനിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്‍െറ ഭാഗമായി സിഗ്നല്‍ ലൈറ്റ് ടവറുകള്‍ മാറ്റി സ്ഥാപിക്കാന്‍ അഞ്ച് ലക്ഷം രൂപയും ഓടകള്‍ നികത്തി ഐറിഷ് മോഡല്‍ നടപ്പാക്കാന്‍ അഞ്ച് കോടിയുടെയും പ്രപ്പോസല്‍ നല്‍കിയതായി എം.എല്‍.എ അറിയിച്ചു. കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് റോഡിന്‍െറ രണ്ടാംഘട്ട സ്ഥലം ഏറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തീകരിക്കും. റോഡിന് സമീപമുള്ള വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിക്കാന്‍ എസ്റ്റിമേറ്റ് നല്‍കിയതായും എം.എല്‍.എ അറിയിച്ചു. യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സന്‍ എം. ഷാഹിന ടീച്ചര്‍, വൈസ് ചെയര്‍മാന്‍ കെ.വി. ഉണ്ണികൃഷ്ണന്‍, സി.എച്ച്. അബൂയൂസുഫ് ഗുരുക്കള്‍, പാറശ്ശേരി അസൈനാര്‍, ടി.പി. രഘുനാഥ്, സുരേഷ് പാറത്തൊടി, അഷറഫ് അമ്പലത്തിങ്ങല്‍, കെ. മുഹമ്മദാലി, വി.പി.എം. സാലി, പി. സെയ്താലികുട്ടി ഹാജി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.