വളാഞ്ചേരിയിലെ ബസ് പണിമുടക്ക് യാത്രക്കാരെ വലച്ചു

വളാഞ്ചേരി: അശാസ്ത്രീയമായ സിഗ്നല്‍ സംവിധാനം നിര്‍ത്തലാക്കുക, അനധികൃത പാര്‍ക്കിങ് കര്‍ശനമായി നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വളാഞ്ചേരിയിലെ ബസ് തൊഴിലാളികള്‍ വ്യാഴാഴ്ച നടത്തിയ പണിമുടക്ക് പൂര്‍ണം. വളാഞ്ചേരിയിലെ സംയുക്ത ബസ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക് നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക് കാരണം പല സര്‍വിസുകളും ഒഴിവാക്കേണ്ടിവരുന്നതായി തൊഴിലാളികള്‍ പറയുന്നു. സര്‍വിസുകള്‍ മുടങ്ങുന്നതുമൂലം കൂലി കുറയുന്ന അവസ്ഥയും വരുന്നു. എടയൂര്‍, ഇരിമ്പിളിയം, പേരശന്നൂര്‍, മൂര്‍ക്കനാട്, പള്ളിപ്പുറം, ആതവനാട്, കരേക്കാട് തുടങ്ങിയ ഗ്രാമീണ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെയാണ് പണിമുടക്ക് ഏറെ വലച്ചത്. വളാഞ്ചേരി-പെരിന്തല്‍മണ്ണ റൂട്ടില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. ദേശീയപാത വഴി സര്‍വിസ് നടത്തുന്ന ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ വളാഞ്ചേരി എത്താതെ പുത്തനത്താണി, തിരുനാവായ, കുറ്റിപ്പുറം വഴിയാണ് സര്‍വിസ് നടത്തിയത്. വളാഞ്ചേരി വഴി സര്‍വിസ് നടത്തിയ ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. പ്രശ്നങ്ങള്‍ പരിഹരിച്ചില്ളെങ്കില്‍ ആഗസ്റ്റ് 16ന് ശേഷം അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും സമരം നടത്തിയവര്‍ അറിയിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പണിമുടക്കിയ ബസ് തൊഴിലാളികള്‍ കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. വളാഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ഓട്ടോ, ടാക്സി തൊഴിലാളികളും പങ്കെടുത്തു. ധര്‍ണ സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. സ്വകാര്യ ബസ് തൊഴിലാളി കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സിദ്ദീഖ് കട്ടച്ചിറ അധ്യക്ഷത വഹിച്ചു. പി. കമ്മുക്കുട്ടി മാസ്റ്റര്‍, എം. ജയകുമാര്‍, മുഹമ്മദലി നീറ്റുക്കാട്ടില്‍, വി.പി. ഹംസ, ടി.പി. ത്വാഹിര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.