വേങ്ങര: ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മാണം തുടങ്ങി പിന്നീട് പാതിവഴിയില്‍ ഉപേക്ഷിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ഇരിപ്പിടങ്ങളില്‍ ചിലത് കാണാനില്ല. കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ ചേറൂരിലാണ് പണി പൂര്‍ത്തിയാക്കാത്ത ബസ് കാത്തിരിപ്പു കേന്ദ്രം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഭരണ കാലത്താണ് മൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ച് വേങ്ങര മണ്ഡലത്തില്‍ സ്മാര്‍ട്ട് ബസ് വെയ്റ്റിങ് ഷെഡുകള്‍ നിര്‍മിച്ചത്. ഇന്‍റര്‍നെറ്റ് വൈ ഫൈ സൗകര്യവും എഫ്.എം റേഡിയോയുമുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്കായി മൂന്ന് ലക്ഷം രൂപയോളം ചെലവഴിച്ചാണ് വേങ്ങരയിലും കൊളപ്പുറത്തും സ്മാര്‍ട്ട് ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍മിച്ചത്. ഈ ശ്രേണിയില്‍ പെട്ട ചേറൂരിലെ ബസ് കാത്തിരിപ്പു കേന്ദ്രമാണ് ഇരുമ്പ് പൈപ്പുകളുടെ തൂണില്‍ ഷീറ്റിട്ട് പണി പാതിവഴിയില്‍ ഉപേക്ഷിച്ചത്. യാത്രക്കാര്‍ക്കു ഇരിക്കാന്‍ ഇരിപ്പിടങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും അവയില്‍ ചിലത് ഇപ്പോള്‍ കാണുന്നുമില്ല. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം എത്രയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.