അന്ധദമ്പതികള്‍ക്ക് വാസയോഗ്യമായ ഭൂമി നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന്‍

മലപ്പുറം: വികലാംഗ പെന്‍ഷന്‍ മാത്രം വരുമാനമുള്ള ഭവനരഹിതരായ അന്ധദമ്പതികള്‍ക്ക് വാസയോഗ്യമായ ഭൂമി പതിച്ചു നല്‍കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്ധത നടിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. തൂവൂര്‍ പറക്കോട് ബാലകൃഷ്ണന്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മൂന്നു മാസത്തിനുള്ളില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. ബാലകൃഷ്ണനും ഭാര്യക്കും നിലമ്പൂര്‍ മൂത്തേടത്ത് സര്‍ക്കാര്‍ പതിച്ചു നല്‍കിയ അഞ്ച്സെന്‍റ് ഭൂമി ഇരുപ്പുകൃഷി നെല്‍പ്പാടമാണ്. പൈതൃക സ്വത്തില്ലാത്ത പരാതിക്കാര്‍ വീടുവക്കുന്നതിനാണ് ഭൂമി ചോദിച്ചത്. അനുവദിച്ച നെല്‍പ്പാടം മടക്കി വാങ്ങി വാസയോഗ്യമായ സ്ഥലം അനുവദിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. സര്‍ക്കാര്‍ ഓഫിസുകളില്‍ നിരവധി തവണ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ളെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കമീഷന്‍െറ നിര്‍ദേശാനുസരണം ജില്ലാകലക്ടര്‍ക്ക് വേണ്ടി ഡെപ്യൂട്ടി കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. അനുവദിച്ച സ്ഥലം വാസയോഗ്യമല്ളെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഉചിത നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍നടപടി നാലു മാസത്തിനുള്ളില്‍ കമീഷനെ അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ക്ക് മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.