പുതിയ ഗതാഗതക്രമത്തിനെതിരെ മഞ്ചേരിയില്‍ കടകളടച്ച് സമരം

മഞ്ചേരി: നൂറുകണക്കിനു യാത്രക്കാരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന രോഗികളെയുമടക്കം കഷ്ടപ്പെടുത്തുന്ന രീതിയില്‍ സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകള്‍ നഗരത്തിലേക്ക് കടത്തിവിടാതെയുള്ള ഗതാഗത പരിഷ്കരണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് മഞ്ചേരിയില്‍ വ്യാപാരികള്‍ കടകളടച്ച് സമരം ചെയ്തു. രാവിലെ 11 വരെ കടകളടച്ചാണ് വ്യാപാരികളും കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികളും നഗരത്തില്‍ പ്രകടനം നടത്തിയത്. നഗരത്തില്‍ നടപ്പാക്കേണ്ട ഗതാഗത ക്രമം അവിടെയത്തെുന്ന സാധാരണക്കാരുടെയും വിദ്യാര്‍ഥികളുടെയും താല്‍പര്യവും സൗകര്യവും പരിഗണിച്ചാവണമെന്നും ഏതാനും കെട്ടിട ഉടമകള്‍ക്ക് വേണ്ടി ഇത് അട്ടിമറിക്കരുതെന്നും ആവശ്യപ്പെട്ടു. മഞ്ചേരി ടൗണില്‍ നടന്ന പ്രകടനത്തില്‍ മഞ്ചേരി നഗരസഭാ ഭരണസമിതിക്കും പൊലീസിനും മോട്ടോര്‍വാഹന വകുപ്പിനും എതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. നിലവില്‍ മഞ്ചേരി വഴി യാത്രാബസ് മാര്‍ഗേണ എവിടേക്ക് യാത്ര ചെയ്യണമെങ്കിലും ഓട്ടോറിക്ഷയെ ആശ്രയിക്കണം. പ്രധാനപ്പെട്ട ഒന്നര കി.മി ദൂരം ബസുകള്‍ക്ക് പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടേയോ ഏതെങ്കിലും ഒൗദ്യോഗിക ഏജന്‍സിയുടേയോ തീരുമാനമില്ലാതെയാണ് നടപടി. ഇതില്‍ നിന്ന് മഞ്ചേരി സി.ഐയും എസ്.ഐയും പിന്‍വാങ്ങണമെന്നും ജനങ്ങളുടെ ദുരിതം കണ്ടില്ളെന്ന് നടിക്കരുതെന്നും ആവശ്യപ്പെട്ടു. ട്രാഫിക് ജങ്ഷനില്‍ ഓവുപാലം പണിക്കുവേണ്ടി താല്‍ക്കാലികമായാണ് ബസ് ഗതാഗതം ക്രമം മാറ്റിയത്. ഏതാനും ദിവസത്തേക്ക് മാത്രമെന്നാണ് വിശ്വസിപ്പിച്ചാണ് തുടങ്ങിയത്. എന്നാല്‍ ടൗണില്‍ നിന്ന് മാറി കച്ചേരിപ്പടിയില്‍ നിര്‍മിച്ച ബസ്സ്റ്റാന്‍ഡില്‍ ജനങ്ങളെയത്തെിക്കുകയെന്ന ഉദ്ദേശ്യമാണ് ഇതിനു പിന്നിലെന്നും ഓവുപാലം പണി ഉടന്‍ തീര്‍ത്ത് യാത്രാബസുകള്‍ നഗരത്തിലത്തെിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മൂസാന്‍ അറഫ ഉദ്ഘാടനം ചെയ്തു. സലാം ഹാജി, മജീദ്, ഹൈദ്രലിഏലായി, ഹനീഫ ഹാജി എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ബാബു കാരാശേരി, അറ്റാന ബാപ്പു, പി.പി. മൊയ്തീന്‍, പി.വി.എം. ഷാഫി, അഷ്റഫ് മാടായി, എന്‍.ടി. മുജീബ്, ടി.എം. ഷിഹാബ്, ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.