പെരിന്തല്‍മണ്ണ: 2016ല്‍ രാജ്യത്തെ മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള കേന്ദ്ര സര്‍ക്കാറിന്‍െറ അവാര്‍ഡ് അങ്ങാടിപ്പുറം പഞ്ചായത്തിന് ലഭിക്കുന്നത് രണ്ടാം തവണ. കേന്ദ്ര വനിത ക്ഷേമ മന്ത്രാലയത്തിന്‍െറ ‘നാരീ ശക്തി പുരസ്കാരം’ ഫെബ്രുവരിയില്‍ ലഭിച്ചതിന് പിന്നാലെയാണ് ‘സശാക്തീകരണ്‍’ പുരസ്കാരത്തിന് അങ്ങാടിപ്പുറത്തെ കഴിഞ്ഞദിവസം തെരഞ്ഞെടുത്തത്. 2014-15 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം വിലയിരുത്തിയാണ് അവാര്‍ഡ്. നാരീ ശക്തി പുരസ്കാരവും ഇതേ കാലയളവിലെ പ്രവര്‍ത്തനത്തിനാണ് ലഭിച്ചത്. ‘14-15 വര്‍ഷത്തില്‍ കോറാടന്‍ റംലയുടെ നേതൃത്വത്തിലെ യു.ഡി.എഫ് ഭരണസമിതിയായിരുന്നു അങ്ങാടിപ്പുറം ഭരിച്ചിരുന്നത്. ‘14-15 വര്‍ഷത്തില്‍ വിവിധ വകുപ്പുകള്‍ക്ക് അനുവദിച്ച മുഴുവന്‍ തുകയും ഫലപ്രദമായ രീതിയില്‍ ചെലവഴിച്ചതും സംസ്ഥാനത്ത് ആദ്യമായി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം പദ്ധതികള്‍ക്ക് നേടിയതും അവാര്‍ഡ് നേടുന്നതിന് പരിഗണിച്ചു. അഗതികളുടെ ക്ഷേമത്തിനായി നടപ്പാക്കിയ ആശ്രയ, പരിരക്ഷ, ഭിന്ന ശേഷിയുള്ളവരുടെ പുനരധിവാസം, കൈവല്യഗ്രാമം, പ്രതീക്ഷ എന്നീ പദ്ധതികളുടെ കുറ്റമറ്റ രീതിയിലുള്ള നടത്തിപ്പും അവാര്‍ഡിന് പരിഗണിക്കപ്പെട്ടു. ആരോഗ്യ-വിദ്യാഭ്യാസ, ശിശു വികസന മേഖലയില്‍ പ്രത്യേക പദ്ധതികള്‍ കൊണ്ടുവന്നതും അവാര്‍ഡ് കമ്മിറ്റി പരിഗണിച്ചിട്ടുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ളീഷ് സംസാരശേഷി വര്‍ധിപ്പിക്കാനുള്ള ഈസി ഇംഗ്ളീഷ് ബാല സൗഹൃദഗ്രാമം, ജലലഭ്യത ഉറപ്പുവരുത്തുന്ന കിണര്‍ റീചാര്‍ജിങ്, തൊഴിലാളിക്ഷാമം പരിഹരിക്കാനും വനിതകള്‍ക്ക് ഗ്രാമീണ മേഖലയില്‍ തൊഴില്‍ ഉറപ്പാക്കാനുമുള്ള വനിത ലേബര്‍ ബാങ്ക്, കര്‍ഷകര്‍ക്ക് ആധുനിക കൃഷി യന്ത്രങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന അഗ്രോ സര്‍വിസ് സെന്‍റര്‍ തുടങ്ങിയ നൂതന പദ്ധതികള്‍ നടപ്പാക്കിയതും അവാര്‍ഡിന് വഴിയൊരുക്കി. ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, നിര്‍വഹണ ജീവനക്കാര്‍ എന്നിവരുടെ കൂട്ടായ്മയുടെ ശ്രമഫലമായാണ് അവാര്‍ഡെന്ന് ഇപ്പോഴത്തെ പ്രസിഡന്‍റ് ഒ. കേശവന്‍, സെക്രട്ടറി സിദ്ദീഖ് എന്നിവര്‍ അറിയിച്ചു. ഏപ്രില്‍ 24ന് ജാംഷഡ്പുരില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങും. സംസ്ഥാനത്ത് അങ്ങാടിപ്പുറത്തിന് പുറമെ കുലശേഖരപുരം, പുലാമന്തോള്‍ എന്നീ പഞ്ചായത്തുകള്‍ക്കും സശാക്തീകരണ്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.