തിരൂര്‍: നഗരസമധ്യത്തില്‍ ഏത് സമയവും നിലംപൊത്താവുന്ന നിലയില്‍ നഗരസഭാ ടാക്സി സ്റ്റാന്‍ഡ്. സെന്‍ട്രല്‍ ജങ്ഷനിലാണ് വര്‍ഷങ്ങളായി അപകട ഭീഷണിയില്‍ ടാക്സി സ്റ്റാന്‍ഡ് തുടരുന്നത്. ഇരുമ്പ് കാലുകളില്‍ മേല്‍ക്കൂര നിര്‍മിച്ച് ആസ്ബറ്റോസ് ഷീറ്റ് പാകിയതാണ് സ്റ്റാന്‍ഡ്. മിക്ക കാലുകളും അടിഭാഗം തുരുമ്പിച്ച നിലയിലാണ്. ആസ്ബറ്റോസ് ഷീറ്റുകള്‍ ദ്രവിച്ച് തകര്‍ന്നിരിക്കുന്നു. പല ഭാഗത്തും ഷീറ്റുകള്‍ നശിച്ചിട്ടുണ്ട്. മേല്‍ക്കൂരയും തകര്‍ച്ചയിലാണ്. ശക്തമായൊരു കാറ്റടിച്ചാല്‍ മേല്‍ക്കൂരയടക്കം നിലംപൊത്തും. മഴയെയും കാറ്റിനെയും പേടിച്ചാണ് ഇവിടെ ഡ്രൈവര്‍മാര്‍ കഴിയുന്നത്. ഇരുപതോളം ടാക്സികള്‍ സ്റ്റാന്‍ഡിനെ പതിവായി ആശ്രയിക്കുന്നുണ്ട്. അപകടാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇവര്‍ സ്റ്റാന്‍ഡ് ഫീ നല്‍കുന്നില്ല. റോഡും പിന്നിലെ അഴുക്കുചാലും ഉയര്‍ത്തിയതോടെ സ്റ്റാന്‍ഡ് താഴ്ന്ന ഭാഗത്തായി. ഇതുമൂലം മഴ പെയ്താല്‍ വെള്ളക്കെട്ടിന് നടുവിലാണ് പാര്‍ക്കിങ്. കനത്ത അവഗണനയാണ് വര്‍ഷങ്ങളായുള്ള ശോച്യാവസ്ഥക്ക് കാരണമെന്ന് ഡ്രൈവര്‍മാര്‍ പരാതിപ്പെടുന്നു. നവീകരണത്തിനൊപ്പം സ്റ്റാന്‍ഡില്‍ വിശ്രമ സൗകര്യമുള്‍പ്പെടെ ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്തതും വലക്കുന്നു. നേരത്തേ വെളിച്ച സൗകര്യമുണ്ടായിരുന്നെങ്കിലും അവ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. അതിനാല്‍ രാത്രി സാമൂഹിക വിരുദ്ധരുടെ താവളവുമാണ് ഇവിടം. ഡ്രൈവര്‍മാരുടെ പരാതി പരിഗണിച്ച് സ്റ്റാന്‍ഡ് നവീകരണത്തിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്നാണ് നഗരസഭാ അധികൃതര്‍ അറിയിച്ചിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും അനുകൂല നടപടിയുണ്ടായില്ളെങ്കില്‍ പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കാനുള്ള തീരുമാനത്തിലാണ് ഇവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.