വില്ളേജ് ഓഫിസിന് മുന്നില്‍ നിരീക്ഷണവുമായി മണ്ണ് മാഫിയ

ചങ്ങരംകുളം: വില്ളേജ് ഓഫിസിന് മുന്നില്‍ നിരീക്ഷണം ശക്തമാക്കി മണ്ണ് മാഫിയ മേഖലയിലെ കൃഷിയിടങ്ങളില്‍ പിടിമുറുക്കി. മണ്ണടിക്കുന്നത് തടയാനും പ്രതികളെ പിടികൂടാനും റവന്യൂ ഉദ്യോഗസ്ഥര്‍ പുറപ്പെടുന്ന സമയം നോക്കി മുന്നറിയിപ്പ് നല്‍കാനാണ് നിരീക്ഷണം ശക്തമാക്കുന്നത്. ചില പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ ഏറെ പേര്‍ മുഴുവന്‍ സമയവും വില്ളേജിന് മുന്നില്‍ ചെലവഴിക്കുകയാണെന്നും മണ്ണ് മാഫിയ സംഘങ്ങള്‍ക്ക് ഒറ്റിക്കൊടുക്കുകയാണെന്നും റവന്യൂ അധികൃതര്‍ പരാതിപ്പെട്ടു. രഹസ്യ വിവരത്തെ തുടര്‍ന്ന് റെയ്ഡിന് പലതവണ പുറപ്പെട്ടിട്ടും അധികൃതര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. ഇവര്‍ അവിടെ എത്തുന്നതിന് മുമ്പ് മണ്ണടിക്കുന്നവര്‍ ലോറിയുമായി തടിതപ്പുകയാണ്. ആലങ്കോട് വില്ളേജില്‍ ഇത്തരത്തില്‍ ഏറെ പരാതി ലഭിച്ചിട്ടും വാഹനങ്ങള്‍ പിടികൂടാനോ നടപടിയെടുക്കാനോ കഴിഞ്ഞിട്ടില്ല. കൃഷിയിടങ്ങളില്‍ നിക്ഷേപിച്ച മണ്ണ് തിരിച്ചെടുക്കാന്‍ നിയമ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ പലപ്പോഴായി നികത്തല്‍ പൂര്‍ത്തീകരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സ്റ്റോപ്പ് മെമോ നല്‍കിയ സ്ഥലങ്ങള്‍ പോലും നികത്താന്‍ ശ്രമം നടക്കുന്നുണ്ട്. ഇപ്പോള്‍ നികത്തലിന് മാഫിയ സംഘങ്ങള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിനാല്‍ പല സമയങ്ങളിലായും ഒഴിവു ദിനങ്ങളിലായും മണ്ണടിച്ച് നികത്തല്‍ പൂര്‍ത്തീകരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.