ചെറുപുഴ നീന്തല്‍ പരിശീലന വിനോദസഞ്ചാര പദ്ധതി; സര്‍വേ നടപടികള്‍ വൈകുന്നു

അരീക്കോട്: ചാലിയാര്‍ പുഴയില്‍ സംഗമിക്കുന്ന മനോഹരമായ ഒരരുവിയാണ് ചെറുപുഴ. ചെറുപുഴയുടെ ഇരു കരകളിലുമായി ഊര്‍ങ്ങാട്ടിരി-കിഴുപറമ്പ് ഗ്രാമപഞ്ചായത്തുകളിലെ ഏക്കര്‍കണക്കിനുള്ള സ്ഥലം അന്യാധീനപ്പെട്ടും ഉപയോഗശൂന്യവും അനാഥവുമായി കിടക്കുന്നത് ഉപയോഗപ്പെടുത്തി വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനായി നാട്ടുകാരുടേതായ പ്രചാരക സമിതി ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, താലൂക്ക്തലത്തില്‍ ചെയ്യേണ്ട സര്‍വേ നടക്കാത്തതാണ് തുടര്‍നടപടികള്‍ വൈകുന്നതെന്നാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചതെന്ന് പ്രചാരക സമിതി കണ്‍വീനര്‍ കെ.എം. സലീം പറയുന്നു. ചെറുപുഴക്ക് കുറുകെ ഇരു പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പത്തനാപുരത്തെ പാലത്തില്‍നിന്ന് ഏകദേശം 500 മീറ്റര്‍ നീളത്തിലുള്ള ഭാഗത്ത് തടയണ നിര്‍മിച്ച് ജലാശയമാക്കി നീന്തല്‍ പരിശീലനത്തിന് സൗകര്യപ്പെടുത്താമെന്നാണ് പ്രചാരക സമിതിയുടെ കണ്ടത്തെല്‍. ഇരു കരകളിലുമായി നടപ്പാതകളും ഉദ്യാനങ്ങളും നിര്‍മിച്ചാല്‍ പ്രകൃതിരമണീയമായ ഇവിടം അരീക്കോടിന്‍െറ വികസന ഭൂപടത്തില്‍ തിലകക്കുറിയായി മാറുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതക്കരികിലും രണ്ട് ഗ്രാമപഞ്ചായത്തുകള്‍ക്ക് ഗുണഫലം നല്‍കുന്നതും ചുറ്റുപാടുമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പഠിക്കുന്നതിനും ഉപയുക്തമാകുന്ന സ്വപ്ന പദ്ധതിയാണിത്. പൊലീസ് സേന, അഗ്നിശമന സേന, തീരസംരക്ഷണ സേന, ദുരന്ത നിവാരണ സേന, അര്‍ധസേനാ വിഭാഗങ്ങള്‍ എന്നിവയിലെ ജോലിക്കാര്‍ക്കും പരിശീലകര്‍ക്കും നീന്തലിനുള്ള അവസരവും ലഭിക്കുന്നു. കാല്‍പന്തുകളിക്ക് പേരുകേട്ട അരീക്കോട് നിന്ന് അറിയപ്പെടുന്ന നീന്തല്‍താരങ്ങളെ സംഭാവന ചെയ്യാനും ഇതുപകരിക്കുമെന്ന് സമിതി ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.