ബഡ്സ് സ്കൂള്‍ ശോച്യാവസ്ഥ: മാര്‍ച്ചില്‍ പങ്കെടുത്ത എ.ഡി.എസ് പ്രസിഡന്‍റിനെ പുറത്താക്കാന്‍ പ്രമേയം

തിരൂര്‍: നടുവിലങ്ങാടി ബഡ്സ് സ്കൂളിലെ ദുരിതങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ഓഫിസിലേക്ക് നടന്ന മാര്‍ച്ചില്‍ പങ്കെടുത്ത കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്‍റിനെ പുറത്താക്കാന്‍ സി.ഡി.എസ് യോഗത്തില്‍ പ്രമേയം. വെള്ളിയാഴ്ച രാവിലെ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന സി.ഡി.എസ് യോഗത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. 38ാം വാര്‍ഡ് എ.ഡി.എസ് പ്രസിഡന്‍റ് സലീന അന്നാരക്കെതിരെയാണ് മാര്‍ച്ചില്‍ പങ്കെടുത്തെന്ന പേരില്‍ ഒരു വിഭാഗം പ്രമേയം കൊണ്ടുവന്നത്. യോഗം രണ്ടാം അജന്‍ഡയിലേക്ക് കടക്കാനിരിക്കെ സി.ഡി.എസ് പ്രസിഡന്‍റ് കവിത എഴുന്നേറ്റ് ഒരു അടിയന്തര പ്രശ്നം ചര്‍ച്ച ചെയ്യാനുണ്ടെന്ന് അറിയിച്ച് സലീനക്കെതിരെയുള്ള പ്രമേയം അവതരിപ്പിക്കുകയായിരുന്നു. നഗരസഭാ മാര്‍ച്ചില്‍ സലീന പങ്കെടുത്തത് തെറ്റായ നടപടിയാണെന്നായിരുന്നു പ്രമേയത്തിന്‍െറ ഉള്ളടക്കം. അതിനാല്‍ സലീനയെ എ.ഡി.എസ് സ്ഥാനത്ത് നിന്ന് നീക്കുകയാണെന്ന് സി.ഡി.എസ് പ്രസിഡന്‍റ് പ്രസ്താവിച്ചു. ഇതോടെ യോഗം ഒച്ചപ്പാടില്‍ മുങ്ങി. ഇതിനിടെ തലകറങ്ങിയ സലീനയെ ആശുപത്രിയിലത്തെിക്കാനോ പ്രാഥമിക ശുശ്രൂഷ നല്‍കാനോ തയാറാകാതെ അധികൃതര്‍ യോഗ നടപടികള്‍ തുടരുകയായിരുന്നു. സി.ഡി.എസ് വൈസ് പ്രസിഡന്‍റും മറ്റൊരു എ.ഡി.എസ് പ്രസിഡന്‍റും മാത്രമാണ് സലീനയുടെ അടുത്തത്തെിയത്. എക്സ് ഒഫീഷ്യോ അംഗങ്ങളായ കൗണ്‍സിലര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ഇവരില്‍ ചിലര്‍ സലീനയെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു. ഒടുവില്‍ വിവരമറിഞ്ഞ് മകന്‍ നഫീസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അത്രയും നേരം പ്രാഥമിക ചികിത്സ പോലും ലഭിക്കാതെ യോഗ ഹാളില്‍ തളര്‍ന്നിരിക്കുകയായിരുന്നു. ഇവരെ പിന്നീട് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, സലീനക്കെതിരെ ലഭിച്ച പരാതിയാണ് യോഗം ചര്‍ച്ച ചെയ്തതെന്നും ഭൂരിപക്ഷത്തിന്‍െറ പിന്തുണയോടെ സലീനയെ എ.ഡി.എസ് സ്ഥാനത്തു നിന്ന് നീക്കാന്‍ തീരുമാനിച്ചതായും സി.ഡി.എസ് പ്രസിഡന്‍റ് കവിത മാധ്യമത്തോട് പറഞ്ഞു. യോഗത്തില്‍ സംസാരിച്ച സലീന കസേരയില്‍ ഇരിക്കുകയായിരുന്നുവെന്നും പിന്നീട് മകനും മറ്റ് ചിലരുമത്തെി യോഗം അലങ്കോലപ്പെടുത്തിയതായും കവിത ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.