വിമതപ്പട വാളോങ്ങുന്നു, കുഴങ്ങുന്നത് വോട്ടര്‍മാര്‍

തിരൂരങ്ങാടി: നഗരസഭാ തെരഞ്ഞെടുപ്പില്‍ പാളയത്തില്‍പട യു.ഡി.എഫിന് തലവേദനയാകുന്നു. 14ാം ഡിവിഷനില്‍ ലീഗിലെ മാണിപറമ്പത്ത് ഹംസക്കെതിരെ കോണ്‍ഗ്രസ് ബ്ളോക്ക് സെക്രട്ടറി അബ്ദുല്‍കരീം രംഗത്തിറങ്ങിയതാണ് ഒരു പ്രശ്നം. മണ്ഡലം പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ മജീദിന്‍െറ ശിപാര്‍ശയെ തുടര്‍ന്ന് ഡി.സി.സി പ്രസിഡന്‍റ് കരീമിനെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. വിമത സ്ഥാനാര്‍ഥി രംഗത്തുവന്നതോടെ പ്രചാരണവും താളംതെറ്റിയിരുന്നു. 12ാം ഡിവിഷന്‍ കക്കാട് ഈസ്റ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മച്ചിങ്ങല്‍ ഷംസുദ്ദീനെതിരെ ലീഗില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും വിമത സ്ഥാനാര്‍ഥികള്‍ രംഗത്തുള്ളതാണ് മറ്റൊന്ന്. ലീഗ് വാര്‍ഡ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഇ.വി. സലാം മാസ്റ്ററാണ് മത്സരരംഗത്ത് ഉറച്ചുനില്‍ക്കുന്നത്. ലീഗ് അണികളും സലാം മാസ്റ്റര്‍ക്കൊപ്പം പ്രചാരണത്തിനുണ്ട്. കോണ്‍ഗ്രസില്‍നിന്നുള്ള റഷീദ് സ്വതന്ത്രനായി രംഗത്തുവന്നെങ്കിലും അവസാന നിമിഷം സ്ഥാനാര്‍ഥിത്വം മരവിപ്പിച്ചതായി പത്രക്കുറിപ്പില്‍ അറിയിച്ചു. കോണ്‍ഗ്രസുകാരനായിരുന്ന കെ.ടി. ഹംസത്ത് രാജിവെച്ചാണ് മത്സര രംഗത്തിറങ്ങിയത്. രാജിവെച്ചതോടെ എല്‍.ഡി.എഫ് പിന്തുണ നല്‍കി. 16ാം ഡിവിഷന്‍ മാട്ടില്‍ കോണ്‍ഗ്രസിലെ പരപ്പന്‍ അബ്ദുറഹ്മാനെതിരെ ലീഗ് വാര്‍ഡ് കമ്മിറ്റി പ്രസിഡന്‍റ് സി.എച്ച്. അക്ബര്‍ സ്വതന്ത്രനായി രംഗത്തുണ്ട്. യു.ഡി.എഫ് ധാരണയായെങ്കിലും പരസ്പരം പോര് തുടരുന്നത് പല ഡിവിഷനിലും ബാധിക്കുമെന്നും ആശങ്കയുയര്‍ത്തുന്നു. കണ്ണാടന്‍ ഉമ്മറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. 27ാം ഡിവിഷനില്‍ കോണ്‍ഗ്രസിലെ എം.എന്‍. ഹുസൈനെതിരെ മുസ്ലിം ലീഗിലെ താപ്പി റഹ്മത്തുല്ലയും മത്സരിക്കുന്നുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി എം.വി. സമീറും രംഗത്തുണ്ട്. ഹുസൈന് ആം ആദ്മിയിലെ റബിയത്ത് കടുത്ത വെല്ലുവിളിയായിട്ടുണ്ട്. വിമതരുള്ള ഡിവിഷനില്‍ ആരെ തുണക്കണമെന്നറിയാതെ വോട്ടര്‍മാരും കുഴങ്ങുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.