സ്ഥാനാര്‍ഥി നിര്‍ണയം: എടക്കര മണ്ഡലം കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

എടക്കര: സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി എടക്കര മണ്ഡലം കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.ജെ.പിയിലേക്ക്. ഗ്രാമപഞ്ചായത്ത് അംഗവും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പി.ടി. ജോണ്‍ എന്ന തങ്കച്ചനാണ് സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ ചേക്കേറുന്നത്. എടക്കര പഞ്ചായത്തിലെ തെയ്യത്തുംപാടം വാര്‍ഡില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചയാളാണ് തങ്കച്ചന്‍. വട്ടിപ്പലിശ ഇടപാട് നടത്തുന്നവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് ജോണ്‍ പറഞ്ഞു. വട്ടിപ്പലിശ ഇടപാട് നടത്തുന്ന പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് താനും ഭരണസമിതിയിലെ ചില അംഗങ്ങളും പ്രവര്‍ത്തകരും ചേര്‍ന്ന് കെ.പി.സി.സി സെക്രട്ടറി വി.വി. പ്രകാശിന് കത്ത് നല്‍കിയിരുന്നതായും എന്നാല്‍, നേതൃത്വം കത്ത് അവഗണിച്ചതായും ജോണ്‍ പറഞ്ഞു. നിര്‍മാണത്തിലിരിക്കുന്ന ഷോപ്പിങ് കോംപ്ളക്സ് അടക്കം നിരവധി നിര്‍മാണപ്രവൃത്തികളില്‍ വന്‍ അഴിമതിയാണ് ഭരണസമിതി നടത്തിക്കൊണ്ടിരിക്കുന്നത്. ചില പഞ്ചായത്ത് അംഗങ്ങള്‍ക്കും തന്‍െറ അഭിപ്രായമാണെന്നും ഇദ്ദേഹം പറഞ്ഞു. അഴിമതിയില്‍ പങ്കുള്ള നേതാക്കളാണ് വട്ടിപ്പലിശക്കാരെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി രംഗത്തിറക്കുന്നതെന്നും ജോണ്‍ പറഞ്ഞു. ആശ്രയ പദ്ധതിയില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി രണ്ട് വര്‍ഷം മുമ്പ് ജോണിന്‍െറ ആരോപണം എടക്കരയിലെ ഭരണസമിതിയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടിയുടെ പ്രചാരണത്തിന് ഇറങ്ങിയതായും ജോണ്‍ പറഞ്ഞു. സീറ്റ് ലഭിക്കാത്ത ചില വനിതാ നേതാക്കളും ബി.ജെ.പിയില്‍ ചേക്കേറാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.