ഗെയില്‍ പൈപ്പ്ലൈന്‍: താക്കീതായി ഇരകളുടെ കലക്ടറേറ്റ് മാര്‍ച്ച്

മലപ്പുറം: ഗെയില്‍ വാതക പൈപ്പ്ലൈനെതിരെ ഗെയില്‍ പൈപ്പ്ലൈന്‍ വിക്ടിംസ് ആക്ഷന്‍ ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് താക്കീതായി. കക്ഷി, രാഷ്ട്രീയ ഭേദമന്യേ സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്ത റാലി ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള പൈപ്പ്ലൈന്‍ ജീവന്‍ കൊടുത്തും ചെറുക്കുമെന്ന് പ്രഖ്യാപിച്ചു. കുത്തകകളുടെ അച്ചാരം വാങ്ങി ജനങ്ങളെ ചൂഷണം ചെയ്യുന്ന ജിജി തോംസണ്‍മാര്‍ നാടിന്‍െറ ശാപമാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. ഇദ്ദേഹമാണ് ഗെയില്‍ വാതക പൈപ്പ്ലൈന്‍ എന്തുവിലകൊടുത്തും സ്ഥാപിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ വെല്ലുവിളിക്കുന്നത്. ജനങ്ങളുടെ ഭൂമി വില്‍ക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു. വാതക പൈപ്പ്ലൈന്‍ പോകുന്ന സ്ഥലത്തുള്ളവരെ മാത്രമല്ല, ഇതിന്‍െറ ഒന്നര കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്കും ഇത് ഭീഷണി സൃഷ്ടിക്കും. പ്രശ്നത്തിന്‍െറ ഗൗരവം അവഗണിച്ച് ജനകീയ സമരങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതാരാണെന്ന് അന്വേഷിക്കാനാണ് സര്‍ക്കാറിന് താല്‍പര്യം. മുത്തങ്ങയിലും ചെങ്ങറയിലും ഒടുവില്‍ മൂന്നാറിലും ‘പിന്നില്‍’ പ്രവര്‍ത്തിക്കുന്നവരെ തേടി അലയുകയാണ് അധികാരികള്‍. ഗെയില്‍ വിക്ടിംസ് ഫോറത്തിന്‍െറ പിന്നില്‍ ആരുമില്ളെന്നും ഉള്ളവരെല്ലാം മുന്നില്‍ നില്‍ക്കുന്ന ഇരകളാണെന്നും നീലകണ്ഠന്‍ വ്യക്തമാക്കി. വിക്ടിംസ് ആക്ഷന്‍ ഫോറം ചെയര്‍മാന്‍ അഡ്വ. നാരായണന്‍ നമ്പീശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.വി. മനാഫ്, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എ. സലാം, കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് റൈഹാനത്ത് കുറുമാടന്‍, പൊന്മള പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. നഫീസ, മറിയം പൂന്തല (കൊണ്ടോട്ടി ബ്ളോക്ക് മെംബര്‍), വി. ശശികുമാര്‍ (സി.പി.എം), എം.ഐ. അബ്ദുല്‍ റഷീദ് (വെല്‍ഫെയര്‍ പാര്‍ട്ടി), അഡ്വ. സി. പ്രകാശ് (ബി.ജെ.പി), സിജി ഉണ്ണി (എസ്.ഡി.പി.ഐ), അഡ്വ. പി.ടി.എ. സഗീര്‍ (ആം ആദ്മി പാര്‍ട്ടി), വടശ്ശേരി ഹസന്‍ മുസ്ലിയാര്‍ (എസ്.വൈ.എസ്), ഉമ്മര്‍ വാഫി (എസ്.കെ.എസ്.എസ്.എഫ്), അലവിക്കുട്ടി കാവനൂര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഉബൈദ് കോവൂര്‍ സ്വാഗതവും അലി മാസ്റ്റര്‍ കാവനൂര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.