മഞ്ചേരിയില്‍ നഗരസഭാ ഉപാധ്യക്ഷ സ്ഥാനം : ലീഗ് ആവശ്യത്തെക്കുറിച്ച് കോണ്‍ഗ്രസ് ചര്‍ച്ച തുടങ്ങി

മഞ്ചേരി: നഗരസഭയില്‍ അധ്യക്ഷപദത്തിന് പുറമെ ഉപാധ്യക്ഷ സ്ഥാനവും മുസ്ലിംലീഗ് ആവശ്യപ്പെട്ടതോടെ കോണ്‍ഗ്രസ് ക്യാമ്പ് ചര്‍ച്ചയില്‍. എന്നാല്‍, ഗ്രൂപ്പ് വ്യത്യാസമില്ലാതെ നഗരസഭയില്‍ ഒരാളെ ഉയര്‍ത്തിക്കാണിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. പാലക്കുളം വാര്‍ഡില്‍ നിന്ന് വിജയിച്ച രാമചന്ദ്രന്‍ എന്ന മാനുട്ടി, അമ്പലപ്പടിയില്‍ നിന്ന് വിജയിച്ച വി.പി. ഫിറോസ്, ശാന്തിഗ്രാമില്‍ നിന്ന് വിജയിച്ച സിക്കന്ദര്‍ ഹയാത്ത് എന്നിവരാണ് പുരുഷ അംഗങ്ങള്‍. ഇവര്‍ക്ക് പുറമെ അഡ്വ. ബീനാജോസഫ്, സി. സക്കീന, പൊറ്റമ്മല്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച ഷൈനി, തടത്തിപ്പറമ്പില്‍ നിന്ന് വിജയിച്ച കൈതവളപ്പില്‍ സൗജ എന്നിവരാണ് അംഗങ്ങള്‍. മൂന്നുപേര്‍ മുന്‍ കൗണ്‍സിലില്‍ അംഗങ്ങളാണ്. ഉപാധ്യക്ഷ സ്ഥാനം ലീഗിന് നല്‍കണമെന്നും പകരം സംവിധാനം ചര്‍ച്ച ചെയ്യാമെന്നും കാണിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് ലീഗ് കത്ത് നല്‍കിയിട്ടുണ്ട്. 11 വാര്‍ഡില്‍ നേരത്തെ വിജയിച്ചിരുന്ന കോണ്‍ഗ്രസിന് മേലാക്കം, ടൗണ്‍ഹാള്‍ വാര്‍ഡ്, വായ്പാറപ്പടി, വേട്ടേക്കോട്, അരുകിഴായ എന്നിവിടങ്ങളിലെ തോല്‍വി അംഗബലം കുറച്ചു. നഗരസഭയില്‍ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാവുന്നവരായി ലീഗില്‍ രണ്ട് മുന്‍ ചെയര്‍മാന്‍മാരുണ്ട്. അതേസമയം, ഉപാധ്യക്ഷ സ്ഥാനം വിട്ടുനല്‍കുന്നത് കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്നതിനാല്‍ വഴങ്ങേണ്ടതില്ളെന്നാണ് കോണ്‍ഗ്രസ് നിലപാട്. അധ്യക്ഷ സ്ഥാനമോ ഉപാധ്യക്ഷ സ്ഥാനമോ വിട്ടുനല്‍കുന്ന ഒരു ഒത്തുതീര്‍പ്പാണ് ഇവര്‍ ഉയര്‍ത്തുന്നത്. 2005 ലെ യു.ഡി.എഫ് ഭരണസമിതിയില്‍ ലീഗിലെ സഫര്‍ശാന്ത അധ്യക്ഷയും കോണ്‍ഗ്രസിലെ രവീന്ദ്രന്‍ നായര്‍ ഉപാധ്യക്ഷനും 2010ല്‍ ഇത് ലീഗിലെ ഇസ്ഹാഖ് കുരിക്കളും കോണ്‍ഗ്രസിലെ ഇ.കെ.വിശാലാക്ഷിയുമായിരുന്നു. ഈ ഘട്ടങ്ങളിലെല്ലാം ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടവരും പരിചയം കുറഞ്ഞവരുമെന്ന വാദം ലീഗ് ഉയര്‍ത്തിയിരുന്നില്ല. കോണ്‍ഗ്രസിന് ഏതാനും വാര്‍ഡുകള്‍ നഷ്ടമായതോടെയാണ് രണ്ട് സ്ഥാനത്തിനും വേണ്ടി ലീഗ് നിലകൊള്ളുന്നത്. അതേസമയം, ഇക്കാര്യത്തില്‍ യു.ഡി.എഫ് ബന്ധം നിലനിര്‍ത്തി പ്രശ്നം പരിഹരിക്കുമെന്നും ലീഗിന്‍െറ നിലപാട് കോണ്‍ഗ്രസിനെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ലീഗ് നിയോജകമണ്ഡലം സെക്രട്ടറി വല്ലാഞ്ചിറ മുഹമ്മദലി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.