അധിക്ഷേപ പ്രസംഗം നടത്തിയ സി.പി.എം തെന്നല ലോക്കൽ കമ്മിറ്റിസെക്രട്ടറിയും കൊടക്കൽ വാർഡംഗവുമായ സയ്യിദ് അലി മജീദ്

‘പെണ്ണുങ്ങളെ കാഴ്ചവെച്ച് വോട്ടുനേടാൻ ശ്രമിച്ചു’ -അശ്ലീല പ്രസംഗവുമായി സി.പി.എം നേതാവ്

മലപ്പുറം: സ്ത്രീകൾക്കെതി​രെ അശ്ലീല പ്രസംഗവുമായി സി.പി.എം നേതാവ്. തെന്നല സി.പി.എം ലോക്കൽ കമ്മിറ്റിസെക്രട്ടറിയും കൊടക്കൽ വാർഡിൽനിന്ന് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സയ്യിദ് അലി മജീദാണ് അധിക്ഷേപ പ്രസംഗം നടത്തിയത്. സയ്യിദ് അലി മജീദിനെ തോൽപിക്കാൻ വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നിൽ കാഴ്ചവെച്ചു എന്നടക്കമാണ് ഇയാൾ സ്വീകരണയോഗത്തിൽ പ്രസംഗിച്ചത്.

‘കല്യാണം കഴിക്കുമ്പോ തറവാട് നോക്കുന്നത് എന്തിനാണെന്നറിമോ? ഇത്തരം കാര്യങ്ങൾക്കാണ് തറവാട് നോക്കുന്നത്. വനിതാ ലീഗിനെ പറയാൻ പാടില്ല, ജമീലത്താത്ത മാസ്ക് വെച്ച് ഇറങ്ങിക്കഴിഞ്ഞാൽ ജമീലത്താത്താനെ മാത്രമല്ല, പാണക്കാട്ടെ തങ്ങൻമാരെ വരെ പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. അത് കേൾക്കാൻ ആണത്തവും ഉളുപ്പും ഉള്ളവൻ മാത്രം ഈ പരിപാടിക്കിറങ്ങിയാൽ മതി. അ​ല്ലെങ്കിൽ വീട്ടുമ്മയായി കഴിഞ്ഞാൽ മതി. അന്യ ആണുങ്ങളുടെ മുന്നിൽ പോയി നിസ്സാരമായ ഒരു വോട്ടിനുവേണ്ടി, സെയ്തലവി മജീദിനെ തോൽപിക്കാൻ വേണ്ടി, കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നിൽ കാഴ്ചവെക്കാനല്ല എന്ന് ഇവർ മനസ്സിലാക്കണം. ഞങ്ങളൊക്കെ മക്കളെ കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട്. ഞങ്ങൾക്കൊക്കെ പ്രായപൂർത്തിയായ മക്കൾ വീട്ടിലുണ്ട്. അതൊക്കെ ഞങ്ങളുടെ മക്ക​ളുടെ കൂടെ അന്തിയുറങ്ങാനും ഭർത്താക്കൻമാരുടെ കൂടെ അന്തിയുറങ്ങാനുമാണ്’ -എന്നിങ്ങനെയാണ് പ്രസംഗം. പാർട്ടി ചുമതല താൽക്കാലികമായി മറ്റൊരാൾക്ക് കൈമാറിയാണ് സയ്യിദ് അലി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയത്.

ഈ വാർഡിൽ 20 ഓളം വനിതാലീഗ് പ്രവർത്തകരു​ടെ കൂട്ടായ്മ വോട്ട് തേടി രംഗത്തിറങ്ങിയിരുന്നു. ഇതാണ് ​സി.പി.എം നേതാവിനെ പ്രകോപിപ്പിച്ചത്. അന്യപുരുഷൻമാർക്ക് മുന്നിൽ സ്ത്രീകളെ ഇറക്കി വോട്ടുതേടിയതിനെയാണ് താൻ വിമർശിച്ചത് എന്നാണ് സയ്യിദ് അലിയുടെ ന്യായീകരണം. മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിച്ചു എന്നാണ് താൻ ഉദ്ദേശിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടു​പോകുമെന്ന് മുസ്‍ലിം ലീഗ് നേതൃത്വം അറിയിച്ചു.

Tags:    
News Summary - CPM leader with obscene speech against women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.