പട്ടര്‍നടക്കാവിലെ ‘കാടുമൂടിയ വികസനം’ യു.ഡി.എഫിന് ക്ഷീണമായി

തിരുനാവായ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പട്ടര്‍നടക്കാവിലെ കാടുമൂടിയ ഷോപ്പിങ് കോംപ്ളക്സ് വികസനമാണ് യു.ഡി.എഫിന് കനത്ത തിരിച്ചടിയും ക്ഷീണവുമുണ്ടാക്കിയതെന്ന് പരക്കെ നിഗമനം. പഞ്ചായത്തിന്‍െറ അധീനതയിലുള്ള പട്ടര്‍നടക്കാവ് ചന്തപ്പറമ്പിലെ പഴയതും പുതുക്കിയതുമായ ഷോപ്പിങ് കോംപ്ളക്സുകളില്‍ 30 വര്‍ഷത്തിലധികമായി വ്യാപാരം നടത്തിവന്നിരുന്ന 16ലധികം വരുന്ന വ്യാപാരികളെ വഴിയാധാരമാക്കിയാണ് 2014 ഡിസംബര്‍ 25ന് 32 ഓളം വ്യാപാര സ്ഥാപനങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടിയത്. ആവശ്യമായ രേഖകളില്ലാതെയും വാടക കുടിശ്ശിക വരുത്തിയുമാണ് വ്യാപാരം നടത്തുന്നതെന്നാരോപിച്ചായിരുന്നു പഞ്ചായത്തിന്‍െറ നടപടി. തുടര്‍ന്ന് ഇതിനെതിരെ വ്യാപാരികള്‍ കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചെങ്കിലും അതംഗീകരിക്കാതെ ഹൈകോടതി റദ്ദാക്കിയ ലേല നടപടി പഞ്ചായത്ത് ബോര്‍ഡ് ചേര്‍ന്ന് സ്ഥിരപ്പെടുത്തുന്ന വിചിത്രമായ ഏര്‍പ്പാടാണുണ്ടായത്. ഇതിനുള്ള പ്രതികാരമായാണ് വ്യാപാരികളടങ്ങുന്ന സമൂഹം പഞ്ചായത്തിലെ 4, 5, 19 വാര്‍ഡുകളില്‍ യു.ഡി.എഫിനെ തൂത്തെറിഞ്ഞതെന്ന് പറയപ്പെടുന്നു. വികസന സ്ഥിരം സമിതി ചെയര്‍പേഴ്സന്‍െറയും പ്രസിഡന്‍റിന്‍െറയും വാര്‍ഡുകളാണ് ലീഗംഗങ്ങള്‍ പരാജയപ്പെട്ട നാലും അഞ്ചും വാര്‍ഡുകള്‍. ഷോപ്പിങ് കോംപ്ളക്സുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിയില്‍ ലീഗ്, സി.പി.എം പ്രാദേശിക നേതാക്കള്‍ ഇക്കാര്യത്തില്‍ തന്ത്രപരമായി മൗനം പാലിച്ചെങ്കിലും വൈസ് പ്രസിഡന്‍റ് മോശമായി നടത്തിയ പരാമര്‍ശം വ്യപാരികളെ ചൊടിപ്പിച്ചിരുന്നു. ഈ വിഡിയോ ക്ളിപ്പ് കാണിച്ചും കേള്‍പ്പിച്ചുമാണ് വ്യപാരികളടക്കം 19ാം വാര്‍ഡില്‍ വോട്ടുപിടിച്ചത്. ഇതേ തുടര്‍ന്ന് 191 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്നിലാക്കിയാണ് ഇവിടെ സ്വതന്ത്രന്‍ ജയിച്ചു കയറിയത്. 13 ലക്ഷം കുടിശ്ശിക വരുത്തിയെന്നാരോപിച്ച് വ്യാപാരികളെ പുറത്താക്കി 32ഓളം വ്യപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയ പഞ്ചായത്തിധികൃതര്‍ 11 മാസം കൊണ്ട് പഞ്ചായത്തിന് ലഭിക്കേണ്ടതായ ലക്ഷങ്ങളാണ് നഷ്ടപ്പെടുത്തിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.