തെരഞ്ഞെടുപ്പ് വിജയാഘോഷം: പൊലീസിന്‍െറ പെരുമാറ്റച്ചട്ടം ലംഘിച്ച് പരിപാടികള്‍

തിരൂര്‍: തെരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടികള്‍ സംഘര്‍ഷങ്ങളിലേക്ക് നീങ്ങാതിരിക്കാന്‍ പൊലീസ് നല്‍കിയ പെരുമാറ്റച്ചട്ടങ്ങള്‍ കാറ്റില്‍ പറത്തി രാഷ്ട്രീയ പരിപാടികള്‍ അരങ്ങേറുന്നു. തെരഞ്ഞെടുപ്പിന് ശേഷം നടന്ന മിക്ക പരിപാടികളുമായി ബന്ധപ്പെട്ടും സംഘര്‍ഷങ്ങളുണ്ടായി. കര്‍ശന നടപടികളെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന നിയമപാലകര്‍ പലയിടത്തും നോക്കുകുത്തികളായി മാറി. തിരൂരില്‍ മാത്രം ഇതിനകം പതിനഞ്ചോളം സ്ഥലത്ത് സംഘര്‍ഷമുണ്ടായി. താനൂരിലും ഇത്തരം സംഭവങ്ങളുണ്ട്. പരാജയപ്പെട്ടവരെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയിലുള്ള പരിപാടികളുണ്ടാകരുതെന്ന് പൊലീസ് പ്രത്യേകം നിര്‍ദേശിച്ചിരുന്നു. എതിരാളികളുടെ വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള പരിപാടികളും പൊലീസ് വിലക്കിയിരുന്നു. എന്നാല്‍ ഇവയെല്ലാം പാടേ ലംഘിച്ചാണ് പരിപാടികള്‍ നടക്കുന്നത്. നിറമരുതൂരില്‍ 15ാം വാര്‍ഡില്‍ മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി റഷീദ ഖാജയുടെ വീട്ടുപടിക്കലാണ് വോട്ടെണ്ണല്‍ ദിവസം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചത്. സ്ഥാനാര്‍ഥിയും മൂന്നു പെണ്‍കുട്ടികളും മാത്രം വീട്ടിലുള്ളപ്പോഴായിരുന്നു സംഭവം. താനൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാതിരുന്നതിനാല്‍ അടുത്ത ദിവസവും എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ മോശം പെരുമാറ്റത്തിന് ഇവര്‍ ഇരയായി. വീടിന് മുന്നിലത്തെി തെറി വിളിച്ച സംഘം എതിര്‍ത്താല്‍ വീട്ടില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയും കോലം കത്തിച്ചുമാണ് മടങ്ങിയത്. ഇതു സംബന്ധിച്ച് റഷീദ ഖാജ ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ താനൂര്‍ പൊലീസ് നടപടിയെടുത്തിട്ടില്ല. തിരൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം വാര്‍ഡില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിയോടൊപ്പം യാത്ര ചെയ്ത നിത്യരോഗിയായ ബാലനെ ലീഗുകാര്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. പനമ്പാലം വാര്‍ഡില്‍ സ്ഥാനാര്‍ഥിയുടെ വീട് സി.പി.എം പ്രവര്‍ത്തകര്‍ ഉപരോധിച്ച സംഭവവുമുണ്ടായി. ഇവിടെ വിജയിച്ചയാളുടെ നേതൃത്വത്തില്‍ ഇടതു സ്ഥാനാര്‍ഥിയുടെ സഹോദരന്‍െറ വീട് ആക്രമിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വെട്ടത്ത് സി.പി.എം നേതാവിന്‍െറ വാഹനം കത്തിച്ചു. മംഗലം പഞ്ചായത്തില്‍ എതിരാളിയെ സഹായിച്ച പ്രവാസിയുടെ ശവമഞ്ച യാത്ര ലീഗ് നടത്തി. ഈ സംഭവങ്ങളിലെല്ലാം കേസെടുത്തെന്നല്ലാതെ കര്‍ശന നടപടിയെടുക്കാതെ മൗനത്തിലാണ് പൊലീസ്. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്ത് തിരൂര്‍ ഡിവൈ.എസ്.പിയായിരുന്നു പതിനൊന്നിന പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചത്. എന്നാല്‍ എവിടെയും ഇതു പ്രാവര്‍ത്തികമാക്കാന്‍ പൊലീസിനായില്ല. തിരൂരില്‍ പതിനഞ്ചോളം കേസുകളെടുത്തതായി എസ്.ഐ സുമേഷ് സുധാകര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.