ശസ്ത്രക്രിയക്ക് കാലതാമസം വരുത്തുന്നത് ബോധപൂര്‍വം

മഞ്ചേരി: മെഡിക്കല്‍ കോളജാശുപത്രിയിലെ സ്പെഷാലിറ്റി വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും അനസ്തേഷ്യാവിഭാഗവും തിയറ്റര്‍ സംവിധാനവുമുണ്ടായിട്ടും ശസ്ത്രക്രിയകള്‍ വൈകിക്കാന്‍ ബോധപൂര്‍വ ശ്രമം. അനസ്തേഷ്യ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കുറവ് മൂലമാണ് ശസ്ത്രക്രിയകള്‍ മുടങ്ങാറുണ്ടായിരുന്നത്. എന്നാല്‍, മൂന്ന് പേരുണ്ടായിരുന്ന സ്ഥാനത്ത് അനസ്തേഷ്യ വിഭാഗത്തില്‍ ഏഴ് ഡോക്ടര്‍മാരായിട്ടും രോഗികള്‍ക്ക് മതിയായ സേവനം നല്‍കുന്നില്ല. എല്ല് വിഭാഗം, ശസ്ത്രക്രിയാവിഭാഗം എന്നിവയില്‍ മൂന്ന് യൂനിറ്റുകളും ഗൈനക്കോളജിയില്‍ നാല് യൂനിറ്റുമാണ് മഞ്ചേരി മെഡിക്കല്‍ കോളജിലുള്ളത്. മിക്കതിലും രണ്ട് യൂനിറ്റുകള്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും ബാക്കി ജനറല്‍ ആശുപത്രി ഡോക്ടര്‍മാരുമാണ് കൈകാര്യം ചെയ്യുന്നത്. ഓര്‍ത്തോയില്‍ സന്ധിമാറ്റിവെക്കല്‍, ആര്‍ത്രോസ്കോപ്പി ശസ്ത്രക്രിയകളാണ് കൂടുതലും നടക്കുന്നത്. എല്ല് പൊട്ടിയതും മറ്റും പൊതുവെ ഓര്‍ത്തോയില്‍ ഒന്നും രണ്ടും യൂനിറ്റുകള്‍ ഒഴിവാക്കുന്നു. ഉപകരണങ്ങളും മറ്റും രോഗികള്‍ പണം നല്‍കി വാങ്ങേണ്ടിവരുന്ന ശസ്ത്രക്രിയകള്‍ക്കാണ് ഡോക്ടര്‍മാര്‍ക്കും താല്‍പര്യം. മൂന്ന് യൂനിറ്റുകളുള്ള ഓര്‍ത്തോ വിഭാഗത്തില്‍ എല്ല് പൊട്ടിയ ശസ്ത്രക്രിയ നടത്തിയതിന്‍െറ എണ്ണം പരിശോധിച്ചപ്പോള്‍ നാമമാത്രമാണ്. അതേസമയം, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒ.പിയില്‍ വരുന്ന കേസുകള്‍ കാലതാമസമില്ലാതെ നടക്കുന്നതായാണ് അനുഭവം. ഡോക്ടര്‍മാരുടെ സ്വകാര്യക്ളിനിക്കില്‍ പോയി രോഗനിര്‍ണയം നടത്തുന്നവരുടെ കാര്യത്തിലാണ് ആഴ്ചകള്‍ കഴിഞ്ഞാലേ മെഡിക്കല്‍കോളജ് ആശുപത്രിയിലെ തിയറ്ററില്‍ ശസ്ത്രക്രിയ നടക്കൂവെന്ന് വരുത്തുന്നത്. സ്വകാര്യ ആശുപത്രികളുടെ താല്‍പര്യവും ചിലര്‍ പരിഗണിക്കുന്നതായാണ് പരാതി. ഇ.എന്‍.ടി, ഓര്‍ത്തോ, സര്‍ജറി, ഗൈനക്, പ്രസവം നിര്‍ത്തല്‍ എന്നിങ്ങനെ പ്രധാന അഞ്ചുവിഭാഗം തിയറ്ററുകളും രണ്ട് മൈനര്‍ തിയറ്ററുകളുമുണ്ട്. മഞ്ചേരി ജനറല്‍ ആശുപത്രിയായിരുന്ന ഘട്ടത്തിലുള്ളത്ര രോഗികള്‍ ഇപ്പോള്‍ ചികിത്സ തേടുന്നില്ല. മെഡിക്കല്‍കോളജ് വിഭാഗത്തില്‍ പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍ തുടങ്ങിയ മുതിര്‍ന്ന ഡോക്ടര്‍മാരേറെയുണ്ടെങ്കിലും മെഡിക്കല്‍ വിദ്യാഭ്യാഭ്യാസ വിഭാഗത്തിലെ സൂപ്രണ്ടോ മേധാവിയോ ഇല്ലാത്തതിനാല്‍ പരാതികള്‍ പരിഹരിക്കാനോ നടപടിയെടുക്കാനോ കഴിയുന്നില്ല. 15 ഓളം ഡോക്ടര്‍മാരും നാല് യൂനിറ്റുകളുമുള്ള ഗൈനക് വിഭാഗം ഒ.പിയില്‍ ആനുപാതികമായി രോഗികള്‍ വരുന്നില്ല. ഗൈനക്ക് വിഭാഗത്തില്‍ പ്രസവത്തിനത്തെുന്നവരില്‍ 95 ശതമാനവും ഇതേ ഡോക്ടര്‍മാരുടെ സ്വകാര്യക്ളിനിക്കില്‍ നിന്ന് വരുന്നവരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.