ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ പരിശോധിച്ചു

മലപ്പുറം: ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളും തൊഴിലിടങ്ങളും ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധിച്ചു. മലമ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ കൂടുതലാകാനുള്ള സാഹചര്യം നിലനില്‍ക്കുന്നതായി പരിശോധനയില്‍ കണ്ടത്തെി. പലയിടങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ്. ഇത് തൊഴിലാളികളുടെ ആരോഗ്യത്തെയും ഇവരില്‍നിന്ന് പകര്‍ച്ചവ്യാധി ഭീഷണി നേരിടുന്ന തദ്ദേശീയരെയും ഗുരുതരമായി ബാധിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് പരിശോധന നടത്തിയത്. പലയിടങ്ങളിലും ഡബ്ള്‍ റൂമുകളില്‍ 10ലധികം ആളുകള്‍ തിങ്ങി താമസിക്കുന്നതായും പ്രാഥമിക കാര്യങ്ങളടക്കം നിര്‍വഹിക്കുന്നിന് മതിയായ സൗകര്യമില്ലാത്തതായും പരിശോധനയില്‍ വ്യക്തമായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി. ഉമറുല്‍ ഫാറൂഖിന്‍െറ നേതൃത്വത്തിലായിരുന്നു പരിശോധന. പനിയുള്ള 35ഓളം തൊഴിലാളികളുടെ രക്തസാമ്പിളുകള്‍ മലമ്പനി പരിശോധനക്കായി ശേഖരിച്ചു. ചര്‍മ രോഗങ്ങള്‍ കണ്ടത്തെിയവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ തുടര്‍ ചികിത്സക്കുള്ള സൗകര്യം ഏര്‍പ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതും വൃത്തിഹീനമായതുമായ ചുറ്റുപാടില്‍ തൊഴിലാളികളെ താമസിപ്പിച്ച 10ഓളം സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഈ സ്ഥാപനങ്ങളുടെ വിവരം തൊഴില്‍ വകുപ്പിനെ അറിയിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. പരിസര ശുചിത്വം പാലിക്കാത്തതും മാലിന്യ സംസ്കരണ സംവിധാനം ഒരുക്കാത്തതുമായ സ്ഥാപനങ്ങളോട് 15 ദിവസത്തിനകം ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് നിര്‍ദേശം നല്‍കി. ജൂനിയര്‍ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അഫ്സല്‍ അഹമ്മദ്, ടെക്നികല്‍ അസി. ഭാസ്കരന്‍ തൊടുമണ്ണില്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ കെ.പി. സാദിഖ് അലി, ജെ.എച്ച്.ഐ വി.ബി. പ്രമോജ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.