ഡി.പി.സി സെക്രട്ടേറിയറ്റ് അഞ്ച് വര്‍ഷമായി ചുവപ്പുനാടയില്‍

മലപ്പുറം: സ്ഥലവും ഫണ്ടും കൈയ്യിലുണ്ടായിട്ടും ജില്ലാ ആസൂത്രണ കമ്മിറ്റി സെക്രട്ടേറിയറ്റ് കെട്ടിടം (ഡി.പി.സി സെക്രട്ടേറിയറ്റ്) നാല് വര്‍ഷമായി ചുവപ്പുനാടയില്‍. എല്‍.ഡി.എഫ് ഭരണകാലത്ത് കലക്ടറേറ്റ് വളപ്പില്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി തറക്കല്ലിട്ട ആസൂത്രണ സമിതികള്‍ക്കായുള്ള നാലുനില കെട്ടിടമാണ് ഇനിയും യാഥാര്‍ഥ്യമാകാത്തത്. മൊത്തം 7.64 കോടി ചെലവ് വരുന്ന കെട്ടിടത്തിന്‍െറ നിര്‍മാണത്തിനായി മൂന്ന് കോടി രൂപ അന്നുതന്നെ സര്‍ക്കാര്‍ പാസാക്കിയിരുന്നു. ബാക്കി തുക ജില്ലയിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമാണ് നല്‍കേണ്ടത്. മറ്റു പല ജില്ലകളിലും സെക്രട്ടേറിയറ്റ് നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കെ, സ്ഥലവും ഫണ്ടും ഉണ്ടായിട്ടും നാല് വര്‍ഷമായി മലപ്പുറത്ത് പണി തുടങ്ങിയിട്ടില്ല. മുമ്പ് ഇന്‍ഫര്‍മേഷന്‍ ഓഫിസ് പ്രവര്‍ത്തിച്ച സ്ഥലമാണ് സെക്രട്ടേറിയറ്റിനായി കൈമാറിയത്. വികേന്ദ്രീകരണത്തിന് ശ്രദ്ധേയമായ കാല്‍വെപ്പ് നടത്തിയ എസ്.എം. വിജയാനന്ദ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കാലത്താണ് എല്ലാ ജില്ലകളിലും ഡി.പി.സി സെക്രട്ടേറിയറ്റ് എന്ന ആശയം മുന്നോട്ടുവെച്ചത്. പഞ്ചായത്തിരാജ് ആക്ട് പ്രകാരം ജില്ലയുടെ ആസൂത്രണ ഉപദേശക സമിതിയിലെ വകുപ്പുകളായ ജില്ലാ പ്ളാനിങ് ഓഫിസ്, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ്, ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ളാനിങ് ഓഫിസ് എന്നിവ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് സെക്രട്ടേറിയറ്റിന്‍െറ ലക്ഷ്യം. ഒന്നാം നിലയില്‍ പ്ളാനിങ് ഓഫിസ്, ലൈബ്രറി, 100 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍, റിക്രിയേഷന്‍ ഹാള്‍, ഡയനിങ് ഹാള്‍ എന്നിവയാണ് വിഭാവനം ചെയ്യുന്നത്. രണ്ടാം നിലയില്‍ ടൗണ്‍ പ്ളാനിങ് ഓഫിസ്, റെക്കോഡ് റൂം, റിക്രിയേഷന്‍ ആന്‍ഡ് ഡയനിങ് ഹാള്‍, സ്റ്റാസ്റ്റിക്സ് ഓഫിസിന്‍െറ ഒരു ഭാഗം എന്നിവയും അഡ്മിനിസ്ട്രേഷന്‍ സ്റ്റാഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്കുള്ള ഓഫിസും സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്‍െറ മറ്റൊരു ഭാഗവുമാണ് ഒരുക്കിയിരിക്കുന്നത്. നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററിനും (എന്‍.ഐ.സി) ഇവിടെ സൗകര്യം ഒരുക്കും. നാലാം നിലയില്‍ പരിശീലന ഹാളും മൂന്ന് ഓഫിസ് റൂമുകളും സര്‍വര്‍ റൂമും കക്കൂസുകളുമാണുണ്ടാവുക. സുമന മേനോന്‍ ജില്ലാ കലക്ടറായ സമയത്താണ് സെക്രട്ടേറിയറ്റിന്‍െറ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കലക്ടറേറ്റ് വളപ്പില്‍ 23 സെന്‍റ് സ്ഥലം കണ്ടത്തെി കൈമാറുകയും ചെയ്തു. പ്രുമഖ ആര്‍കിടെക്റ്റ് ആര്‍.കെ. രമേശ് രൂപരേഖ തയാറാക്കി. പി.ഡബ്ള്യു.ഡി ബില്‍ഡിങ്സ് വിഭാഗമാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കേണ്ടത്. ആദ്യത്തെ ടെന്‍ഡറില്‍ ആരും പങ്കെടുക്കാത്തതിനാല്‍ റിടെന്‍ഡര്‍ വിളിച്ചു. കരാറുകാരന്‍ 35 ശതമാനം അധിക ടെന്‍ഡര്‍ ചോദിച്ചപ്പോള്‍ ചീഫ് സെക്രട്ടറിയും ചീഫ് എന്‍ജിനീയറും അംഗങ്ങളായ പി.ഡബ്ള്യു.ഡി സംസ്ഥാനതല കമ്മിറ്റിക്ക് അയച്ചുകൊടുത്തു. പിന്നീട് ഏറെനാള്‍ സാങ്കേതിക പ്രശ്നങ്ങള്‍ പറഞ്ഞ് പി.ഡബ്ള്യു.ഡിയുടെയും പ്ളാനിങ് സെക്രട്ടറിയുടെയും ഫയലില്‍ കുരുങ്ങിക്കിടന്നു. നിലവില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും പണി ആരംഭിക്കാനുള്ള നടപടികളൊന്നുമുണ്ടായിട്ടില്ല. പ്ളാനിങ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും സെക്രട്ടറി ജില്ലാ കലക്ടറും കണ്‍വീനര്‍ പ്ളാനിങ് ഓഫിസറുമാണ്. ഈ മൂന്ന് വ്യക്തികളും മനസ്സുവെച്ചാല്‍ സെക്രട്ടേറിയറ്റ് എന്നേ യാഥാര്‍ഥ്യമാകുമായിരുന്നു. ജില്ലാ പഞ്ചായത്താണ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നത്. പാലക്കാട്, എറണാകുളം, തൃശൂര്‍, വയനാട് തുടങ്ങിയ ജില്ലകളില്‍ ഇതിനകം സെക്രട്ടേറിയറ്റ് കെട്ടിടം പൂര്‍ത്തീകരിച്ചു. സ്ഥലവും ഫണ്ടും കൈവശമുണ്ടായിട്ടും ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് തികഞ്ഞ ഉദാസീനതയാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.