ഫണ്ടിന്‍െറ അഭാവം : സര്‍ക്കാര്‍ ആശുപത്രികളിലെ മാതൃ–ശിശുസംരക്ഷണ പദ്ധതി നിലച്ചു

മഞ്ചേരി: ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി സര്‍ക്കാര്‍ ആശുപത്രികളില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ മേല്‍നോട്ടത്തില്‍ നടത്തുന്ന മാതൃ-ശിശുസംരക്ഷണ പദ്ധതി (ജെ.എസ്.എസ്.കെ) ഫണ്ടിന്‍െറ അഭാവം മൂലം നിലച്ചു. പ്രസവ ചികിത്സക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ അമ്മക്കും കുഞ്ഞിനും ഭക്ഷണവും മരുന്നും യാത്രാക്കൂലിയും നല്‍കുന്നതാണ് പദ്ധതി. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം വഴിയാണ് ഇത് നടപ്പാക്കുന്നത്. അമ്മമാര്‍ക്ക് അഞ്ചുനേരം ഭക്ഷണം, ആവശ്യമായ മരുന്ന്, യാത്രാക്കൂലിയായി 500 രൂപ എന്നിവയാണ് ഉള്‍പ്പെടുന്നത്. എന്നാല്‍, മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പണമായി നല്‍കേണ്ട ആനുകൂല്യങ്ങള്‍ നിലച്ചിട്ട് 10 ദിവസമായി. മിക്ക ജില്ലകളിലും ഇതാണ് സ്ഥിതി. കരാര്‍ നല്‍കിയതിനാല്‍ ഭക്ഷണവിതരണം മുടങ്ങിയിട്ടില്ല. ഫണ്ടനുവദിക്കുന്നത് നീണ്ടാല്‍ ഇതും നിര്‍ത്തിവെക്കേണ്ടിവരും. സമയബന്ധിതമായി എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ റിപ്പോര്‍ട്ട് നല്‍കാത്തതും പുതിയ അലോട്ട്മെന്‍റ് സംബന്ധിച്ച് സര്‍ക്കാറില്‍ അപേക്ഷ നല്‍കാത്തതുമാണ് മലപ്പുറത്ത് തിരിച്ചടിയായത്. കേന്ദ്ര സര്‍ക്കാറിന്‍െറ മേല്‍നോട്ടത്തിലുള്ള പദ്ധതിക്കുള്ള ഫണ്ട് സംസ്ഥാന മിഷനിലേക്ക് എത്തുന്നുണ്ട്. പദ്ധതി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടുമില്ല. മഞ്ചേരി മെഡിക്കല്‍ കോളജിലും നിലമ്പൂര്‍, തിരൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ആശുപത്രികളിലും പ്രസവത്തിനുശേഷം മടങ്ങുന്നവര്‍ക്കുള്ള സാമ്പത്തികാനുകൂല്യം നിലച്ചു. ഫണ്ട് വരുന്ന മുറക്ക് പിന്നീടത്തെി വാങ്ങാം. ജനനി സുരക്ഷായോജനപദ്ധതിയും ഫണ്ടില്ലാത്തതിനാല്‍ നിലച്ചിരുന്നു. ആദ്യ രണ്ട് പ്രസവങ്ങളില്‍ നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് 600 രൂപയും ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് 700 രൂപയും നല്‍കുന്നതാണ് ഈ പദ്ധതി. പ്രതിമാസം 400നും 500നും ഇടയിലാണ് മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലെ പ്രസവ നിരക്ക്. ജെ.എസ്.എസ്.കെ പദ്ധതിയില്‍ നല്‍കുന്ന ഭക്ഷണത്തിന്‍െറ അളവ്, ഗുണനിലവാരം എന്നിവ സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഉറപ്പാക്കേണ്ടതും ജില്ലാതലത്തില്‍ എന്‍.ആര്‍.എച്ച്.എം അധികൃതരാണ്. കാര്യമായ പരിശീലനമില്ലാത്തവരെ പദ്ധതി നടത്തിപ്പിന് ആശുപത്രികളില്‍ നിയമിച്ചതല്ലാതെ ജില്ലാതല ഉദ്യോഗസ്ഥര്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന നടത്തുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.