പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഇനി ലഹരി വിമുക്തം

കൊണ്ടോട്ടി: ജനകീയ കൂട്ടായ്മയുടെ പത്ത് മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണത നല്‍കി പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിനെ ലഹരി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ലഹരിമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തിത്. 2014 ഒക്ടോബര്‍ രണ്ടിന് തുടക്കം കുറിച്ച പദ്ധതിയെ രാഷ്ട്രീയം മറന്ന് ജനം സ്വീകരിക്കുകയായിരുന്നു. പഞ്ചായത്തിനെ പതിനൊന്ന് മേഖലയാക്കി തിരിച്ച് ക്ളബുകള്‍, അങ്കണവാടികള്‍, കുടുംബശ്രീകള്‍, മദ്റസകള്‍, സ്കൂളുകള്‍ എന്നിവയുടെ സഹകരണത്തോടെ ലഹരിവിരുദ്ധ സന്ദേശങ്ങള്‍ നല്‍കി. ‘മിനി മാഹി’ എന്നറിയപ്പെടുന്ന വ്യാജ വാറ്റിന്‍െറ കോളനിവരെയുള്ള പഞ്ചായത്തില്‍ വിദ്യാര്‍ഥികളുടെയും ക്ളബുകളുടെയും പ്രവര്‍ത്തനങ്ങളാണ് ഫലം കണ്ടത്. ശനിയാഴ്ച വൈകീട്ട് പറമ്പില്‍ പീടിക അങ്ങാടിയിലായിരുന്നു പ്രഖ്യാപന ചടങ്ങ്. ലഹരിയും അഴിമതിയുമാണ് സമൂഹത്തിനെ കാര്‍ന്ന് തിന്നുന്ന ഏറ്റവും വലിയ തിന്മയെന്നും ഇതിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനം നേതൃത്വം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ലഹരി മുക്ത പഞ്ചായത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രസിഡന്‍റ് കെ.ടി. കുഞ്ഞാപ്പുട്ടി ഹാജിക്ക് പൗരാവലി നല്‍കിയ ഉപഹാരം ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ചു. ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍, ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ് കുഞ്ഞി, സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി. സുനീര്‍, ബി.ജെ.പി ജില്ലാ സെക്രട്ടറി പ്രേമന്‍ മാസ്റ്റര്‍, ബക്കര്‍ ചെര്‍ന്നൂര്, ജമീല ടീച്ചര്‍, കെ.ടി. കുഞ്ഞാപ്പുട്ടി ഹാജി, ഗുലാം ഹസ്സന്‍ ആലംഗീര്‍, ഇ.ടി. മുഹമ്മദ് ഷമീം, പി.പി. വിലാസിനി, ജെ. ശിവന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.