പേരാമ്പ്ര: കനത്തമഴയെ തുടർന്ന് കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം റിസർവോയർ നിറഞ്ഞു. വൃഷ്ടി പ്രദേശത്തെ വനമേഖലകളിൽ നല്ല മഴ ലഭിക്കുന്നതാണ് കാരണം. വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിൽനിന്ന് ധാരാളം വെള്ളം കക്കയത്തെത്തുന്നുണ്ട്. പരമാവധി വൈദ്യുതി ഉൽപാദനം ഇവിടെ നടത്തുന്നുണ്ട്. കക്കയത്തുനിന്നു പുറന്തള്ളുന്ന മുഴുവൻ ജലമെത്തുന്നതും പെരുവണ്ണാമൂഴി ഡാം റിസർവോയറിലാണ്. ബുധനാഴ്ച മുതലാണ് ഷട്ടർ നാലും തുറന്ന് വെള്ളം കുറ്റ്യാടിപ്പുഴയിലേക്ക് ഒഴുക്കിത്തുടങ്ങിയത്. വെള്ളം 38.44 ആയി ഉയർന്നാൽ ജലം സ്പിൽവേയിലൂടെ പുഴയിലേക്ക് ഒഴുക്കാൻ ഉദ്യോഗസ്ഥതലത്തിൽ തീരുമാനിച്ചിരുന്നു. ഓരോ സ്പിൽവേയിലൂടെയും 50 സെ.മീ ഘനത്തിലാണ് വെള്ളം പുഴയിലേക്കു വീണുകൊണ്ടിരിക്കുന്നത്. 12.70 മീറ്റർ വീതിയാണ് ഓരോ സ്പിൽവേക്കുമുള്ളത്. വെള്ളത്തിൻെറ വരവ് വർധിച്ചതിനാൽ ഷട്ടർ അടച്ചു സംഭരിക്കാനും സാധിക്കില്ല. 44.41 മീറ്ററാണ് ഡാമിൻെറ പരമാവധി ജലസംഭരണ ശേഷി. അതേസമയം, 42.7 മീറ്ററിൽ കൂടുതൽ ജലം സംഭരിക്കുന്നതിനു കോടതി വിലക്കുണ്ട്. കൂടുതൽ വെള്ളം സംഭരിച്ചാൽ മുതുകാട് ഭാഗത്ത് വീടുകൾ വെള്ളത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.