കു​ന്ദ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​വി. സം​ജി​ത്ത് സാ​ൻ​ഡോ​സ് അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഗാ​ല​റി​യി​ൽ (ന​ടു​വി​ൽ നീ​ല ഷ​ർ​ട്ട്)

ഫുട്ബാളിനെ നെഞ്ചോടു ചേർത്ത് ഒരു പഞ്ചായത്ത് പ്രസിഡന്റ്

കുന്ദമംഗലം: സാൻഡോസ് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ സ്ഥിരം കാഴ്ചക്കാരനാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത്. ഗാലറിയിലെ ആ സ്ഥിരം കളി ആസ്വാദകൻ. സാൻഡോസ് അധികൃതർ വി.ഐ.പി ചെയർ നൽകിയിട്ടും സംജിത്തിന് ഗാലറിയിലാണ് ഫുട്ബാളിന്റെ വൈബ് ലഭിക്കുന്നത്. എത്ര വലിയ തിരക്കാണെങ്കിലും ഫുട്ബാൾ മത്സരം ഉണ്ടെങ്കിൽ ആ തിരക്കെല്ലാം അൽപനേരം മറന്ന് ഏറ്റവും നല്ല കളി ആസ്വാദകനാകും പഴയ ഫുട്ബാൾ താരംകൂടിയായ സംജിത്ത്.

ദേവഗിരി കോളജ് ടീമിനും ഭാവന ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് ചെത്തുകടവിനും മറ്റ് നിരവധി ക്ലബുകൾക്ക് വേണ്ടിയും സംജിത്ത് ബൂട്ട് കെട്ടിയിട്ടുണ്ട്. ദേവഗിരി കോളജിനുവേണ്ടി ഇന്റർ സോൺ മത്സരത്തിലും കേരള ഗെയിംസിലും പങ്കെടുത്തിരുന്നു. കേരള ഗെയിംസിൽ ദേവഗിരി കോളജിനുവേണ്ടി ഫാറൂഖ് കോളജിനെ പരാജയപ്പെടുത്തിയത് മറക്കാനാകാത്ത ഓർമയാണ്.

ആ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ എതിർ ടീമിന്റെ ഒരു പന്ത് തടുത്തിട്ട് ഗോളിയായിരുന്ന സംജിത്ത് ആണ് അന്ന് വിജയശിൽപി ആയത്. മറ്റൊരു മത്സരത്തിൽ ഗുരുവായൂരപ്പൻ കോളജിനെ പരാജയപ്പെടുത്തിയതും ഇദ്ദേഹത്തിന്റെ ഓർമയിൽ മായാതെ കിടക്കുന്നു. ഒളിമ്പ്യൻ റഹ്‌മാൻ നടത്തിയ ഫുട്ബാൾ ക്യാമ്പിൽ സ്ഥിരമായി പങ്കെടുത്ത സംജിത്ത് കുന്ദമംഗലത്തിന്റെ ഫുട്ബാൾ ഇതിഹാസം നിയാസ് റഹ്മാന്റെ ശിക്ഷണത്തിലും കളി പഠിച്ചിട്ടുണ്ട്. കളിക്കാരൻ മാത്രമാകാതെ ചില പ്രാദേശിക ടൂർണമെന്റുകളിൽ റഫറിയായും സേവനമനുഷ്ഠിച്ചു.

കുന്ദമംഗലത്തുകർക്ക് ഒരു മികച്ച കളിക്കളം എന്നത് വർഷങ്ങളായുള്ള ആഗ്രഹമാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ഫുട്ബാളിന് ഏറ്റവും മികച്ച ഗ്രൗണ്ട് നിർമിക്കാൻ ആവശ്യമായ പദ്ധതി രൂപവത്കരിക്കുമെന്നും 2015ൽ തുടങ്ങിവെച്ച ഗെയിംസ് പാർക്ക് പദ്ധതി പൂർത്തീകരിക്കുമെന്നും സംജിത്ത് പറഞ്ഞു. സ്പോർട്സ് കിറ്റ് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും പരിഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - A panchayat president with football close to his heart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.