കോഴിക്കോട്: വർഷങ്ങളായി നഗരഹൃദയത്തിൽ നോക്കുത്തിയായി നിൽക്കുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ടെർമിനലിന് ഗുരുതര ബലക്ഷയപ്രശ്നങ്ങളില്ലെന്ന് പഠനം നടത്തിയ ബാൾട്ടൺ ഹിൽ ടീം. താഴെ നിലയിൽ സ്ലാബുകളിൽ വിള്ളലുകളുണ്ട്. മുകൾനിലകളിൽ ചില ബീമുകളിലും പ്രശ്നങ്ങളുണ്ട്. മറ്റു ചില ഭാഗങ്ങളിലും സ്ലാബുകളിൽ പ്രശ്നങ്ങളുണ്ട്. അതിന് പരിഹാരം കാണണം. എന്നാൽ, തൂണുകൾക്ക് കാര്യമായ പ്രശ്നങ്ങളുള്ളതായി റിപ്പോർട്ടിൽ പറയുന്നില്ലെന്നുമാണ് വിവരം. കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരം ബാൾട്ടൺഹിൽ എൻജിനീയറിങ് കോളജ് അസി. പ്രഫ. സി.ജെ. കിരണിന്റെ നേതൃത്വത്തിലുള്ള സംഘം കെ.ടി.ഡി.എഫ്.സിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. നിലവിൽ കെട്ടിട സമുച്ചയത്തിന് അതിന്റെ പൂർണതോതിൽ പ്രവർത്തിപ്പിക്കുന്നതിനുള്ള ശേഷിയുണ്ട്. എന്നാൽ, ഭൂമികുലുക്കം പോലുള്ള പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാനുള്ള ശേഷിയിൽ കുറച്ച് അപാകതകൾ കണ്ടെത്തിയിട്ടുണ്ട്.
നഗരത്തിലെ പ്രധാന കെട്ടിടത്തിന് അത്തരത്തിലുള്ള ശേഷിയും പൂർണതോതിൽ ഉണ്ടായിരിക്കണം. ഇതിനാവശ്യമായ ബലപ്പെടുത്തൽ നടത്തണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ടെന്നാണ് വിവരം. പരിശോധനയിൽ കണ്ടെത്തിയ ബലക്ഷയം പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും അതിനാവശ്യമായ ചെലവ് കണക്കാക്കുന്ന റിപ്പോർട്ടും ഒരു മാസത്തിനകം സംഘം സമർപ്പിക്കും. ഗുരുതരമായ ബലക്ഷയമുണ്ടെന്ന് മദ്രാസ് ഐ.ഐ.ടി സംഘം കണ്ടെത്തിയ കെട്ടിടത്തിൽ ബലക്ഷയം നിർണയിക്കാനും പരിഹാരം നിർദേശിക്കാനും അതിന് വേണ്ടിവരുന്ന ചെലവ് നിശ്ചയിച്ചു നൽകാനുമായിരുന്നു സംഘത്തെ നിയോഗിച്ചിരുന്നത്. റീബൗണ്ട് ഹാമ്മർ ടെസ്റ്റ്, അൽട്രാ പ്ലസ് വെലോസിറ്റി ടെസ്റ്റ്, സ്റ്റാൻഡേർഡ് കോർ ടെസ്റ്റ് എന്നീ പരിശോധനകളാണ് സംഘം നടത്തിയത്.
മദ്രാസ് ഐ.ഐ.ടി സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്ന അത്രയും ഗുരുതര പ്രശ്നങ്ങളിലെന്നാണ് റിപ്പോർട്ടിന്റെ ചുരുക്കം. നിലവിലുള്ള കെട്ടിടത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെന്നും അതിനെ എങ്ങനെ പരിഹരിക്കാം എന്നുമാണ് ബാൾട്ടൺഹിൽ സംഘം പരിശോധിച്ചത്. ഇത്തരത്തിലുള്ള ഒരു പുതിയ കെട്ടിടം പണിയുകയാണെങ്കിൽ അതിൽ എന്തെല്ലാം വേണമെന്നതിന്റെ അടിസ്ഥാനമാക്കിയുള്ള പഠനമായിരുന്നു മദ്രാസ് ഐ.ഐ.ടി സംഘം നടത്തിയത്. കെട്ടിടത്തിന്റെ ഒരോ ഭാഗങ്ങളും പ്രത്യേകം പ്രത്യേകം പരിശോധിച്ചാണ് ബാൾട്ടൺഹിൽ സംഘം റിപ്പോർട്ട് തയാറാക്കിയത്. കെട്ടിടത്തിന്റെ നിർമാണത്തിന് പ്ലാൻ എസ്റ്റിമേറ്റിൽ കാണിച്ച പ്രകാരമുള്ള കമ്പി, സിമന്റ് അടക്കമുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുണ്ടെന്ന് കണ്ടെത്തിയതായി പ്രാഥമിക റിപ്പോർട്ടിൽ കിരൺ വ്യക്തമാക്കിയിരുന്നു. മദ്രാസ് ഐ.ഐ.ടി സംഘം ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ കെട്ടിടസമുച്ചയം തിരുവനന്തപുരം സർക്കാർ എൻജിനീയറിങ് കോളജിലെ വിദഗ്ധസംഘം പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് കഴിഞ്ഞ ജൂലൈ 28ന് ഹൈകോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ മൂന്നിന് തിരുവനന്തപുരം എൻജിനീയറിങ് കോളജ് അസി. പ്രഫ. സി.ജെ. കിരണിന്റെ നേതൃത്വത്തിൽ കെട്ടിടത്തിൽ പരിശോധന നടത്തിയിരുന്നു. കെട്ടിടം അറ്റകുറ്റപ്പണി പൂർത്തീകരിച്ച് കൈമാറിയിട്ടില്ലെന്ന് കെട്ടിടം പാട്ടത്തിന് എടുത്ത അലിഫ് ബിൽഡേഴ്സ് നൽകിയ കേസ് പരിഗണിക്കുന്നതിനിടെ കെട്ടിടത്തിന്റെ ബലക്ഷമത പരിശോധിക്കാൻ മറ്റൊരു സമിതിയെക്കൂടി നിയോഗിക്കണമെന്ന ഹരജിക്കാരുടെതന്നെ അപേക്ഷ പരിഗണിച്ചായിരുന്ന കോടതി ഇടക്കാല ഉത്തരവിട്ടത്.
ബലക്ഷയമുണ്ടെന്നും അത് പരിഹരിക്കാൻ 35 കോടി വേണ്ടിവരുന്നെന്നും മദ്രാസ് ഐ.ഐ.ടി സംഘം കണ്ടെത്തിയിരുന്നു. കെട്ടിടം കെ.ടി.ഡി.എഫ്.സി ബലപ്പെടുത്തി നൽകണമെന്നാണ് ആലിഫിന്റെ വാദം. 11 നിലകളിലായുള്ള കെട്ടിടസമുച്ചയും ബസ് സ്റ്റാൻഡ് ഒഴികെയുള്ള ഭാഗങ്ങൾ പാട്ടക്കകരാർ ഒപ്പുവെച്ച 2021 ആഗസ്റ്റ് 26 മുതൽ ടെർമിനലിൽ കരാർ പ്രകാരം അനുവദിക്കപ്പെട്ട സ്ഥലം പാട്ടക്കാരുടെ കൈവശമാണെന്നാണ് സർക്കാറിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.