വടകര കോടതിയോട് ചേർന്ന് സിവിൽ സ്റ്റേഷൻ റോഡിൽ സർവിസ് സംഘടനകൾ സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ
വടകര: പൊതുസ്ഥലങ്ങൾ കൈയേറി പ്രചാരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതിന് വിലക്കുണ്ടെങ്കിലും വടകര നഗരം പ്രചാരണ സാമഗ്രികൾ കൊണ്ട് മുങ്ങുന്നു. പൊതുസ്ഥലത്തെ പ്രചാരണങ്ങൾ നീക്കാൻ ഹൈകോടതി ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായിരുന്നു. കോടതി ഉത്തരവ് കാറ്റിൽ പറത്തുന്ന കാഴ്ചയാണ് വടകര സിവിൽ സ്റ്റേഷനു മുന്നിലുള്ളത്.
കോടതി മുറ്റത്തോട് ചേർന്നടക്കം സർവിസ് സംഘടനകൾ പ്രചാരണങ്ങൾകൊണ്ട് നിറച്ചിരിക്കുകയാണ്. സിവിൽ സ്റ്റേഷനിലെ വിവിധ ഓഫിസുകളിലേക്ക് കയറുന്ന വാതിലിന് മുന്നിലടക്കം നോട്ടീസുകളും ബോർഡുകളും കൊടികളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. പാർട്ടി ഓഫിസുകളെ വെല്ലുന്ന തരത്തിലാണ് സർക്കാർ ഓഫിസുകൾക്ക് മുന്നിൽ സർവിസ് സംഘടനകൾ പ്രചാരണങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. പൊതുസ്ഥലത്ത് പ്രചാരണങ്ങൾ സ്ഥാപിക്കുന്നതിൽ ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ മത്സരമാണ്.
നഗരത്തിലെ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കേണ്ട നഗരസഭയും നോക്കു കുത്തിയായി മാറുകയാണ്. പരിപാടികൾ കഴിഞ്ഞാൽ രാഷ്ട്രീയ പാർട്ടികൾ കൊടിതോരണങ്ങൾ മാറ്റുക പതിവായിരുന്നു. എന്നാൽ റോഡിൽ ചിതറിക്കിടക്കുന്ന പ്രചാരണ അവശിഷ്ടങ്ങൾ ഹരിതകർമ സേനാ പ്രവർത്തകരുടെയും ശുചീകരണ തൊഴിലാളികളുടെയും ചുമലിലാവുകയാണ്. പുലർച്ചയെത്തുന്ന ശുചീകരണ തൊഴിലാളികൾക്ക് നഗരം ശുചീകരിക്കാൻ സാധാരണയായി ഏറെ സമയമെടുക്കും. ഇതിനിടെയാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ മാലിന്യവും നീക്കേണ്ടിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.