കുറ്റ്യാടി ജലസേചന മെയിൻ കനാൽ പദ്ധതിയിലെ ഇടത്, വലത് മെയിൻ കനാലുകളായിപ്പിരിയുന്ന പട്ടാണിപ്പാറ
കുറ്റ്യാടി: കുറ്റ്യാടി ജലസേചന പദ്ധതി പുനരുദ്ധാരണത്തിന് വിശദമായ പദ്ധതി റിപ്പോർട്ട് ആർ.ഐ.ഡി.എഫ് സ്കീമിൽ പരിഗണിക്കാൻ നബാർഡിന് നൽകിയതായി ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അറിയിച്ചു.
അപകടാവസ്ഥയിലായ പല അക്വാഡേറ്റുകളും സ്ട്രെച്ചറുകളും തകർന്ന് കുറ്റ്യാടി നിയോജക മണ്ഡലത്തിൽ ജലസേചനം മുടങ്ങുമെന്ന ആശങ്കയുണ്ടെന്നറിയിച്ച് കെ.പി. കുഞ്ഞമ്മദ്കുട്ടി അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കനാൽ തകർച്ചയെ തുടർന്നുള്ള കൃഷിനാശം ഒഴിവാക്കുന്നതിനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ടിന്റെ പുനരുദ്ധാരണത്തിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സബ്മിഷൻ അവതരിപ്പിച്ചത്. ജില്ലയിലെ 44 പഞ്ചായത്തുകൾ, മൂന്ന് മുനിസിപ്പാലിറ്റികൾ, കോഴിക്കോട് കോർപറേഷന്റെ വിവിധ ഭാഗങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന 14568.70 ഹെക്ടർ പ്രദേശത്ത് ജലസേചനം നടത്തുന്നതിന് 1962ൽ ആരംഭിച്ച പദ്ധതി 1993ലാണ് പൂർണമായി കമീഷൻ ചെയ്തത്.
14569 ഹെക്ടർ പ്രദേശത്ത് സെക്കൻഡിൽ 18.38 ഖന മീറ്റർ വെള്ളമെത്തിക്കുന്നു. മൂന്ന് താലൂക്കുകളിലായി 603 കിലോമീറ്റർ നീളത്തിൽ പദ്ധതിയുടെ കനാൽ ശൃംഖല വ്യാപിച്ചുകിടക്കുന്നു. ഈ കനാൽ നിരവധി അക്വാഡക്റ്റുകൾ, സൂപ്പർ പാസേജുകൾ, കട്ട് ആൻഡ് കവറുകൾ, കലുങ്കുകൾ, സൈഫണുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ്. വലതുകര മെയിൻ കനാൽ മുഖേനയാണ് കുറ്റ്യാടി മണ്ഡലത്തിൽ ജലസേചനത്തിനായി വെള്ളം എത്തുന്നത്. കുറ്റ്യാടി മണ്ഡലത്തിൽ 12 കിലോമീറ്റർ ദൈർഘ്യമുള്ള മെയിൻ കനാലും 135 കിലോമീറ്റർ ദൈർഘ്യമുള്ള ബ്രാഞ്ച് കനാലുകൾ, ഡിസ്ട്രിബ്യൂട്ടറി കനാൽ, സബ് ഡിസ്ട്രിബ്യൂട്ടറി കനാൽ, ഫീൽഡ് ബോത്തികൾ എന്നിവയും ഉൾപ്പെടും.
ഒമ്പത് അക്വാഡക്റ്റുകൾ, 90 സൂപ്പർ പാസേജുകൾ, 320 കൽവർട്ടുകൾ, 19 സൈഫണുകൾ എന്നിവയും 72 കിലോമീറ്ററോളം മൺകനാലുകളുമാണുള്ളത്. കാലപ്പഴക്കത്താൽ കോൺക്രീറ്റുകൾ തകർന്നും മണ്ണിടിഞ്ഞും ശോച്യാവസ്ഥയിലായ മണിയൂർ, വേളം ബ്രാഞ്ച് കനാലുകളും തിരുവള്ളൂർ, വേളം, ആയഞ്ചേരി, പുറമേരി, ചെരണ്ടത്തൂർ, മുടപ്പിലാവിൽ, ചെമ്മരത്തൂർ, പൂവാമ്പുഴ, വില്യാപ്പള്ളി മുതലായ ഡിസ്ട്രിബ്യൂട്ടറി കനാലുകളും സ്ട്രെച്ചറുകളും ആയതിനാൽ കാര്യക്ഷമമായി ജലസേചനം നടത്താൻ കഴിയാറില്ല. അപകടാവസ്ഥയിലായ അക്വാഡക്റ്റുകൾ, സൂപ്പർ പാസേജുകൾ, കട്ട് ആൻഡ് കവറുകൾ, സൈഫണുകൾ മുതലായവ പുതുക്കിപ്പണിയാൻ പ്ലാൻ, നോൺ പ്ലാൻ, കാഡ എന്നീ ഫണ്ടുകൾ ഉപയോഗിച്ച് പുനർനിർമിക്കാൻ കഴിയാത്ത സ്ഥിതിയാണ്. 189.71 കോടി രൂപയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കി സർക്കാറിൽ സമർപ്പിക്കുകയാണുണ്ടായതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.