കണ്ണൂർ അന്താരാഷ്​ട്ര വിമാനത്താവളം: അനുബന്ധ വ്യവസായങ്ങള്‍ക്ക്​ സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ നിര്‍ദേശം

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള അനുബന്ധ വ്യവസായ സംരംഭങ്ങള്‍ക്കായുള്ള കിന്‍ഫ്ര പദ്ധതികളുടെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം നിര്‍ദേശിച്ചു. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്കായുള്ള എല്‍.എ സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസ് 25ന് പ്രവര്‍ത്തനം ആരംഭിക്കും. ചാലോടാണ് ഓഫിസ് ആരംഭിക്കുന്നത്. പാതിരിയാട്, കീഴല്ലൂര്‍, പട്ടാന്നൂര്‍, പടിയൂര്‍, പഴശ്ശി, കോളാരി, ചെറുവാഞ്ചേരി, െമാകേരി വില്ലേജുകളിലായാണ് വിവിധ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇവയെല്ലാം വിവിധ ഘട്ടങ്ങളിലാണ്. ഇതിനുപുറമെ മാലൂര്‍ പഞ്ചായത്തില്‍ പുതുതായി ഭൂമി കണ്ടെത്താനും യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി. നിരവധി നിക്ഷേപകര്‍ വിവിധ പദ്ധതികള്‍ക്ക് താൽപര്യം പ്രകടിപ്പിച്ച് സര്‍ക്കാറിനെ സമീപിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് നാട്ടിലേക്ക് തിരിച്ചുവരുന്ന പ്രവാസികളുടെയടക്കം വൈദഗ്ധ്യം ഉപയോഗപ്പെടുത്തി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനാകണം. മടങ്ങിവരുന്ന പ്രവാസികളെ ഇതിനായി വ്യവസായ വകുപ്പ് പ്രത്യേകം രജിസ്റ്റര്‍ ചെയ്യിക്കുന്നുണ്ട്. ഭൂമി വേഗത്തില്‍ ഏറ്റെടുത്തു നല്‍കുകയെന്നതാണ് ആവശ്യം. പരമാവധി വേഗത്തില്‍ ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ കിന്‍ഫ്ര ശ്രദ്ധിക്കണം. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടര്‍ ടി.വി. സുഭാഷ്, അസി. കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.