ബേപ്പൂർ: തുറമുഖ വകുപ്പിലെ സീനിയർ പോർട്ട് കൺസർവേറ്റർ ഓഫിസിലെ അഴിമതിയെക്കുറിച്ച അന്വേഷണവും തുടർനടപടികളും അട്ടിമറിച്ചതായി ആക്ഷേപം. 2010-2015ൽ ബേപ്പൂർ തുറമുഖ ഓഫിസിലെ പോർട്ട് കൺസർവേറ്ററും സീനിയർ പോർട്ട് കൺസർവേറ്റർ ഓഫിസറുടെ അധിക ചുമതലയും വഹിച്ചിരുന്ന വ്യക്തിക്കെതിരായ നടപടികളാണ് മരവിപ്പിച്ചത്. 2010-13ൽ ബേപ്പൂർ പോർട്ട് കൺസർവേറ്റർ ഓഫിസിൽ ഇദ്ദേഹം നടത്തിയ സാമ്പത്തിക തിരിമറിയെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിൽ, ഓഡിറ്റിങ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. തുറമുഖവകുപ്പ് നടത്തുന്ന ഡ്രഡ്ജിങ്ങിൽ ലഭിക്കുന്ന ടൺ കണക്കിനുള്ള മണൽ നിർമാണവശ്യങ്ങൾക്കായി തദ്ദേശ സ്വയംഭരണ സൊസൈറ്റികൾ മുഖേന വിൽപന നടത്തിയ ഇടപാടിലാണ് വൻസാമ്പത്തിക ക്രമക്കേട് നടത്തിയത്. മണലിൻെറയും വെഹിക്ക്ൾ പാസിൻെറയും തുക അടച്ച വിവരങ്ങൾ, രസീതുകൾ, ഷിപ്പിങ് ബില്ലുകൾ തുടങ്ങിയവ ഓഫിസിൽനിന്ന് വീണ്ടെടുക്കാൻ സാധിക്കാത്ത വിധം നഷ്ടപ്പെട്ടതായി ഓഡിറ്റിങ് വിഭാഗം കണ്ടെത്തി. സൊസൈറ്റികൾ പലപ്പോഴായി മണലിന് അടച്ച ലക്ഷങ്ങളുടെ കണക്കുകൾ എഴുതിയ കാഷ് ബുക്ക്, ചിട്ട രജിസ്റ്റർ, തുക എഴുതി ചേർക്കുന്ന ടി.ആർ. ഫൈവ് രസീത് പുസ്തകങ്ങൾ തുടങ്ങിയവയും ഓഫിസിൽനിന്ന് നഷ്ടപ്പെട്ടു. ധനകാര്യ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ സീനിയർ പോർട്ട് കൺസർവേറ്റർ ഓഫിസറുടെ ചുമതല വഹിച്ച വ്യക്തി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യാൻ കേരള മാരിടൈം ബോർഡിന് സർക്കാർ ഉത്തരവ് നൽകുകയും ചെയ്തു. എന്നാൽ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. മാത്രമല്ല, ഇദ്ദേഹം പ്രമോഷനിലൂടെ തിരുവനന്തപുരത്ത് തുറമുഖ ഡയറക്ടറേറ്റ് ഓഫിസിൽ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറായി തുടരുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.