പ്രവാസികളെ നാട്ടിലെത്തിച്ചില്ലെങ്കിൽ അനിശ്ചിത കാല നിരാഹാരം -കെ. മുരളീധരന്‍ എം.പി

മോദിയും മുഖ്യമന്ത്രിയും ഇത്തിക്കര പക്കിയും വെള്ളായണി പരമുവും പോലെ കോഴിക്കോട്: പ്രവാസികളെ സുഗമമായി നാട്ടിലെത്തിക്കാന്‍ നടപടിയെടുത്തില്ലെങ്കിൽ സെക്രേട്ടറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരമിരിക്കുമെന്ന് കെ. മുരളീധരന്‍ എം.പി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപവാസ സമരത്തിന് ഐക്യദാർഢ്യവുമായി യു.ഡി.എഫ് ജില്ല കമ്മിറ്റി കലക്ടറേറ്റിനു മുന്നിൽ നടത്തിയ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം മാത്രമേ പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരാന്‍ പറ്റൂവെന്നാണ് മുഖ്യമന്ത്രിയുടെ നിബന്ധന. സ്വന്തം നാട്ടിലേക്കു വരുന്നതിനാണ് മർക്കടമുഷ്ടി പിടിക്കുന്നത്. ഗള്‍ഫ് നാടുകളില്‍ കോവിഡ് ടെസ്റ്റ് നടത്തുക ശ്രമകരവും അപ്രാപ്യവുമാണ്. എല്ലാം അറിഞ്ഞാണ് പ്രവാസികളെ ദ്രോഹിക്കുന്നത്. മോദിയെ പോലെ മുഖ്യമന്ത്രിക്കും പ്രവാസികള്‍ നാട്ടിലേക്ക് വരുന്നതിന് താല്‍പര്യമില്ല. ഇത്തിക്കര പക്കിയും വെള്ളായണി പരമുവും പോലെയാണ് രണ്ട് പേരും. 250ലേറെ പ്രവാസി മലയാളികള്‍ ഗള്‍ഫില്‍ വെച്ച് മരണപ്പെട്ടതിൻെറ ഉത്തരവാദി മുഖ്യമന്ത്രിയാണ്. ആന മരിച്ചതിന് കണ്ണീര്‍ പൊഴിച്ച സാംസ്‌ക്കാരിക നായകര്‍ മലപ്പുറത്തെ ദേവികയുടെ കുടുംബത്തിൻെറയും പ്രവാസികളുടെയും കണ്ണീര്‍ കാണുന്നില്ല. വൈദ്യുതി ബില്‍ കൊള്ളക്കെതിരായ സമരത്തിലെന്ന പോലെ പ്രവാസി സമരത്തിലും സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വരുമെന്ന് മുരളീധരന്‍ പറഞ്ഞു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ്, സി. മോയിന്‍ കുട്ടി, യു.ഡി.എഫ് ജില്ല കണ്‍വീനര്‍ എം.എ. റസാഖ്, എന്‍. സുബ്രഹ്മണ്യന്‍, കെ. പ്രവീണ്‍ കുമാര്‍, അഡ്വ. പി.എം. നിയാസ്. അഡ്വ. പി.എം. സുരേഷ് ബാബു, കെ.സി. അബു, അഡ്വ. എം. വീരാന്‍ കുട്ടി, അഷറഫ് മണക്കടവ്, നരേന്ദ്രനാഥ്, ഷറിന്‍ ബാബു, പി. മമ്മദ് കോയ, മനോളി ഹാഷിം, ഷാജര്‍ അറാഫത്ത് എന്നിവര്‍ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.