മഴക്കാല രക്ഷാപ്രവർത്തനം: ജില്ല ഭരണകൂടം മോക് ഡ്രില്‍ സംഘടിപ്പിച്ചു

വേങ്ങേരി: ദുരന്തങ്ങൾ നേരിടേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ വിവിധ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നതു വിലയിരുത്തുന്നതിൻെറ ഭാഗമായി ജില്ലയില്‍ മോക് ഡ്രില്‍ സംഘടിപ്പിച്ചു. കോവിഡ് കാലത്തെ വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനമാണ് മോക്ഡ്രില്ലിനായി ദുരന്തനിവാരണ വകുപ്പ് തിരഞ്ഞെടുത്തത്. തടമ്പാട്ടുതാഴം ടൗണില്‍ വെള്ളം കയറിയതിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. പ്രദേശത്തെ ആറുനില കെട്ടിടത്തിൻെറ രണ്ടു നിലകളില്‍ വെള്ളം കയറുകയും തൊട്ടടുത്ത കെട്ടിടം തകരുകയും ചെയ്ത സാഹചര്യമാണ് ആവിഷ്‌കരിച്ചത്. സംഭവസ്ഥലത്തുനിന്നും കലക്ടറേറ്റിലെ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിലേക്ക് ഫോണ്‍ സേന്ദശമെത്തി ആറാം മിനിറ്റില്‍ ഫയര്‍ ഫോഴ്‌സ് ജീപ്പ് സ്ഥലത്തെത്തി. 10 മിനിറ്റ് ആയപ്പോഴേക്കും റബര്‍ ഡിങ്കിയോടുകൂടിയ ഫസ്റ്റ് റെസ്‌പോണ്‍സ് വെഹിക്കിള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടം തകര്‍ന്നിരുന്നതിനാല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് വാഹനവും ഉടനടി സ്ഥലത്തെത്തി. കോവിഡ് മാനദണ്ഡപ്രകാരം ക്വാറൻറീനില്‍ കഴിഞ്ഞിരുന്ന ആളെയും 60 വയസ്സിനു മുകളില്‍ പ്രായമുള്ളതും ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ടതുമായ ആളെയുമാണ് വെള്ളം കയറിയ കെട്ടിടത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്. സമീപത്തെ തകര്‍ന്ന കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ആളെ പ്രോവിഡന്‍സ് കോളജില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. അഗ്നിശമന രക്ഷാസേനയും സിവില്‍ ഡിഫന്‍സ് വളൻറിയര്‍മാരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ വാഹനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പും ബോട്ടുകള്‍ ഫിഷറീസ് വകുപ്പും എത്തിച്ചു. സംഭവസ്ഥലത്ത് ഹാം റേഡിയോയും പ്രവര്‍ത്തിപ്പിച്ചിരുന്നു. ദുരന്തത്തിൻെറ വ്യാപ്തി, നാശനഷ്ടം, രക്ഷാപ്രവര്‍ത്തനം തുടങ്ങിയവ സംബന്ധിച്ച് വിവിധ വകുപ്പ് മേധാവികള്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അസി.കലക്ടര്‍ ശ്രീധന്യ സുരേഷ്, ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, ഫയര്‍ ആൻഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫിസര്‍ കെ.പി.ബാബുരാജ്, ആർ.ടി.ഒ പി.എം.ഷബീര്‍, കണ്‍ട്രോള്‍ റൂം എ.സി.പി എല്‍.സുരേന്ദ്രന്‍, ഹസാര്‍ഡ് അനലിസ്റ്റ് പി.അശ്വതി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.കെ.സുധീര്‍ കിഷന്‍, ഹാം റേഡിയോ ഓപറേറ്റര്‍ അഷ്‌റഫ് കാപ്പാട്, കോഴിക്കോട് കോര്‍പറേഷന്‍ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കെ.പി.രമേഷ്, വേങ്ങേരി വില്ലേജ് ഓഫിസര്‍ സജീന്ദ്രന്‍, കെ.എസ്.ഇ.ബി കാരപ്പറമ്പ് സെക്ഷന്‍ സബ് എൻജിനീയര്‍ മനോജ് കുമാര്‍, വേങ്ങേരി അഗ്രികള്‍ചറല്‍ ഓഫിസര്‍ പ്രദീപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.