ബസ് സ്​റ്റാൻഡ് കോൺക്രീറ്റ് അപാകത പരിഹരിക്കാൻ ധാരണ

ഓമശ്ശേരി: ബസ് സ്റ്റാൻഡ് കോൺക്രീറ്റിങ്ങിലെ അപാകത പരിഹരിക്കുന്നതിനു പഞ്ചായത്ത് ഭരണസമിതിയും കരാറുകാരനും തമ്മിൽ ധാരണയായതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സക്കീന പറഞ്ഞു. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ധാരണയുണ്ടായത്. ഉദ്യോഗസ്ഥർ നിർദേശിക്കും വിധം കരാറുകാരൻ പുനഃപ്രവൃത്തി നടത്തും. സ്റ്റാൻഡിൽ കോൺക്രീറ്റ് കമ്പി പൊങ്ങിയ സ്ഥലം പൊളിച്ചു ആവശ്യമായ കനത്തിൽ വീണ്ടും കോൺക്രീറ്റ് ചെയ്യും. കരാർ തുകയായ14 ലക്ഷം കരാറുകാരനു കൈമാറിയിട്ടില്ല. അപാകത കുറ്റമറ്റ രീതിയിൽ പരിഹരിച്ചാലേ ഈ തുക അനുവദിക്കുകയുള്ളൂ. ഇതു സംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ ഭരണസമിതി യോഗം അംഗീകരിച്ചതാണ്. പ്രവൃത്തി സാങ്കേതിക വിദഗ്ധരെകൊണ്ടു പരിശോധിപ്പിച്ചു പരിഹരിക്കാമെന്നായിരുന്നു. അതിൻെറ ഭാഗമാണ് ഇപ്പോഴത്തെ നടപടികളെന്ന് പ്രസിഡൻറ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡൻറ് പി.വി. അബ്ദുറഹിമാനും പങ്കെടുത്തു. ബസ് സ്റ്റാൻഡ് നവീകരണം അപാകതകൾ പരിഹരിക്കണം -യു.ഡി.എഫ് ഓമശ്ശേരി: നവീകരിച്ച ബസ് സ്റ്റാൻഡ് പ്രവൃത്തിയിലെ അപാകതകൾ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് യു.ഡി.എഫ് പഞ്ചായത്ത് ഭാരവാഹികൾ ആവശ്യപ്പെട്ടു. സ്റ്റാൻഡ് പ്രവൃത്തിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. അനുവദിച്ച ഫണ്ട് കരാറുകാരന് നൽകാതെ തടഞ്ഞുവെച്ച ഭരണസമിതിയെ യോഗം അഭിനന്ദിച്ചു. പഞ്ചായത്തിന് ഒരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ല. ഇടതുമുന്നണി നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണ്. ഇത് അവസാനിപ്പിക്കണം. ചെയർമാൻ കെ. ബാലകൃഷ്ണൻ കൺവീനർ കെ.കെ. അബ്ദുല്ല കുട്ടി എന്നിവർ ഇറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.