കക്കോടി: വിവിധ ക്ലാസുകളിലെ അറബിക് വിഷയങ്ങൾക്ക് ആദ്യഘട്ടത്തിൽ ഓൺലൈൻ ക്ലാസുകൾ ലഭ്യമാകില്ലെന്ന പരാതി പരിഹരിച്ച് അറബി അധ്യാപക കൂട്ടായ്മ. ജൂൺ ഒന്നുമുതൽ വിവിധ വിഷയങ്ങൾക്ക് വിക്ടേഴ്സ് ചാനൽ വഴി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നുണ്ടെങ്കിലും സങ്കേതിക കാരണങ്ങളാൽ അറബി പോലുള്ള വിഷയങ്ങൾക്ക് ആദ്യ ആഴ്ചകളിൽ ക്ലാസുകൾ ഉണ്ടാകില്ല എന്ന പരാതിക്ക് പരിഹാരമായാണ് അധ്യാപകർ ഓൺലൈൻ ക്ലാസുകൾ ഒരുക്കിയത്. അൽമുദരിസീൻ പ്രവർത്തക കൂട്ടായ്മയാണ് ഓൺലൈൻ ക്ലാസ് ഒരുക്കിയത്. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പാഠഭാഗം ഓൺലൈനായി കുട്ടികൾക്ക് മനസ്സിലാക്കാനുള്ള അവസരമാണ് വിവിധ ജില്ലകളിലെ അധ്യാപക കൂട്ടായ്മ ഒരുക്കിയത്. കവിതകൾ ഉൾപ്പെടെയുള്ളവ ആസ്വദിക്കാനുള്ള അവസരവും പഠന സംവിധാനത്തിലുണ്ട്. ഓൺലൈൻ ഇൻററാക്ടിവ് വർക്കുകൾ, പരിശീലന പ്രവർത്തനങ്ങൾ, ഓൺലൈനായി കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പിൽ െഷയർ ചെയ്യാനുള്ള അവസരം, ഓൺലൈൻ റീഡിങ് കാർഡുകൾ, ഓൺലൈൻ വർക്ഷീറ്റുകൾ, ഭാഷാ കളികൾ എന്നിവയും ക്ലാസിൻെറ സവിശേഷതയാണ്. ഓൺലൈൻ ക്ലാസുകളുടെ ഉദ്ഘാടനം ജൂൺ ഒന്നിന് രാവിലെ 11 മണിക്ക് എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫിസർ ഡോ. എ. സഫീറുദ്ധീൻ നിർവഹിക്കും. ക്ലാസുകൾ www.almudarriseen.blogspot.in എന്ന ബ്ലോഗിലൂടെ ലഭ്യമാകും. കെ. ഷഫീർ മുഹ്സിൻ, അബ്ദുൽ റഷീദ്, ഷാജൽ കക്കോടി, ശിഹാബ് മാവത്ത്, കെ.എച്ച്. അനീസ്, ഇഖ്ബാൽ അരിയൂർ എന്നിവരാണ് ക്ലാസുകൾ തയാറാക്കിയത്. ക്ലാസുകൾ വാട്സ്ആപ് ഗ്രൂപ് വഴിയാണ് നടത്തേണ്ടത്. ജൂൺ ഒന്നിന് മുഴുവൻ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ച് വാട്സ്ആപ് ഗ്രൂപ് തയാറാക്കേണ്ടതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.