മാർട്ടിന്​ സ്​കൂളിൽ പോകണം; അതിന്​ കരുണയുള്ളവരുടെ സഹായം വേണം

കണ്ണൂർ: സ്കൂളിൽനിന്ന് വരുന്ന വഴി ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് തളർന്നുകിടക്കുന്ന 10 വയസ്സുകാരൻ തുടർചികിത്സക്ക് പണമില്ലാതെ സുമനസ്സുകളുടെ സഹായം തേടുന്നു. മാട്ടറ കാരീസ് യു.പി സ്കൂൾ വിദ്യാർഥി മാർട്ടിൻ സിജു വെള്ളത്താനമാണ് കൈകാലുകൾ പോലും ചലിപ്പിക്കാനാവാതെ പൂർണമായി തളർന്ന നിലയിൽ കഴിയുന്നത്. അട്ടറഞ്ഞിയിലുള്ള വാടക വീടിന് മുന്നിൽ വെച്ചാണ് അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ തലച്ചോർ ഇളകിപ്പോയി. മൂന്നു മാസത്തോളം വൻെറിലേറ്ററിലും ഐ.സി.യുവിലുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടർന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടാവാത്തതിനാൽ ബംഗളൂരു നിംഹാൻസിലേക്ക് മാറ്റുകയായിരുന്നു. ഏറെ നാളത്തെ ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏഴു വർഷത്തോളം തുടർചികിത്സ നടത്തിയാലേ മാറ്റമുണ്ടാവുകയുള്ളൂവെന്നാണ് വിദഗ്ധാഭിപ്രായം. കോഴിക്കോട് മെഡിക്കൽ കോളജിനോടനുബന്ധിച്ച പാലിയേറ്റിവ് കെയർ യൂനിറ്റിൽ പ്രവേശിപ്പിച്ചായിരുന്നു മാർട്ടിൻെറ ചികിത്സ തുടർന്നിരുന്നത്. ലോക്ഡൗണിനെ തുടർന്ന് അത് പ്രവർത്തനം നിർത്തിവെച്ചതിനാൽ അട്ടറഞ്ഞിയിലുള്ള വാടകവീട്ടിലാണ് ഇപ്പോൾ കഴിയുന്നത്. കയറിക്കിടക്കാൻ സ്വന്തമായി വീടോ സ്ഥലമോ പോലും ഇല്ലാത്ത പിതാവ് സിജുവിനും ഭാര്യക്കും മകൻെറ ഈ ദുരവസ്ഥയിൽ കൂലിപ്പണിക്കുപോലും പോകാൻ പറ്റാത്ത സാഹചര്യമാണ്. പന്ത്രണ്ടും ആറും വയസ്സുള്ള മറ്റു രണ്ടു കുട്ടികൾ കൂടിയുള്ള കുടുംബം നിത്യച്ചെലവിനുപോലും വഴിമുട്ടി നിൽക്കുകയാണ്. ഉണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കിയാണ് ചികിത്സക്കായി പണം കണ്ടെത്തിയത്. പുറവയൽ ഹെൽത്ത് സൻെററിനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന പാലിയേറ്റിവ് സൻെററിലെ ജീവനക്കാരുടെയും ഉദാരമനസ്കരായ ചില നാട്ടുകാരുടെയും മനസ്സറിഞ്ഞ സഹായം കൊണ്ടുമാത്രമാണ് നാളിതുവരെ ചികിത്സ മുന്നോട്ടുപോയത്. ഇനിയങ്ങോട്ടുള്ള ചികിത്സക്ക് മറ്റൊരു മാർഗവും കാണാത്തതിനാൽ മണിക്കടവ് സൻെറ് തോമസ് ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ കെ.ജെ. ചാക്കോ കൺവീനറും ഡെന്നി ജോൺ അരശ്ശേരി സെക്രട്ടറിയും മാർട്ടിൻെറ അമ്മ ഷിബി ട്രഷററുമായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. ഉളിക്കൽ ഫെഡറൽ ബാങ്കിൽ സേവിങ്സ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 11730100259273, ഐ.എഫ്.എസ്.സി കോഡ്: FDRL 0001173. ഫോൺ: 9605651576.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.