റെക്കോഡ്​ കോവിഡ്​

ആരോഗ്യ പ്രവർത്തകരടക്കം 16 പേർക്ക് രോഗം കണ്ണൂർ: ആരോഗ്യ വകുപ്പിനെയും ജനങ്ങളെയും ഒരുപോലെ ആശങ്കയിലാക്കി കണ്ണൂരിൽ റെക്കോഡ് കോവിഡ്. ശനിയാഴ്ച 16 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ഇത്രയും പേർക്ക് ഒരുദിവസം കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. രണ്ട് ദിവസത്തിനിടെ 28 പേർക്കാണ് രോഗം ബാധിച്ചത്. ശനിയാഴ്ച സ്ഥിരീകരിച്ചവരിൽ രണ്ടു ആരോഗ്യ പ്രവർത്തകരടക്കം നാലുപേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ്. ആറുപേർ വീതം വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. ഇതിൽ മൂന്നുപേർ വീതം ദുബൈയിൽനിന്നും മുംബൈയിൽ നിന്നുമെത്തി. ഒരാൾ വീതം ഷാർജ, ഖത്തർ, സൗദി, ബംഗളൂരു, അഹ്മദാബാദ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 166 ആയി. ധർമടത്ത് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച സ്ത്രീയുടെ ഭർത്താവായ 65കാരനും ചെന്നൈയിൽ നിന്നെത്തിയ കോവിഡ് ബാധിതനുമായി അടുത്തിടപഴകിയ ചെറുവാഞ്ചേരി സ്വദേശിയായ 29കാരനും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതിൽ ധർമടം സ്വദേശി ആശുപത്രിയിലും ചെറുവാഞ്ചേരി സ്വദേശി വീട്ടിലും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശിയായ 50കാരിയും കൂടാളി സ്വദേശിയായ 55കാരിയുമാണ് കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകർ. ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. മേയ് അഞ്ചിന് ഷാർജയിൽനിന്ന് ദുബൈ വഴി ഐ.എക്സ് 344 വിമാനത്തിലെത്തിയ പാനൂർ സ്വദേശിയായ 64കാരൻ, ദുബൈയിൽ നിന്നെത്തിയ പുഴാതി സ്വദേശിയായ 65കാരൻ, തലശ്ശേരി വടക്കുമ്പാട് സ്വദേശിയായ 55കാരൻ, പിണറായി സ്വദേശിയായ 61കാരൻ, 18ന് ഖത്തറിൽനിന്ന് ഐ.എക്സ് 374 വിമാനത്തിലെത്തിയ ആന്തൂർ നഗരസഭയിലെ 21കാരി, 20ന് സൗദിയിൽനിന്ന് എ.ഐ 1912 വിമാനത്തിലെത്തിയ ധർമടം സ്വദേശിയായ 62കാരൻ എന്നിവരാണ് കോവിഡ് ബാധിച്ച പ്രവാസികൾ. ധർമടം സ്വദേശി കണ്ണൂർ വിമാനത്താവളം വഴിയും മറ്റുള്ളവർ കരിപ്പൂർ വഴിയുമാണ് എത്തിയത്. ആശുപത്രിയിലായിരുന്ന ധർമടം സ്വദേശി ഒഴികെ എല്ലാവരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മേയ് ഒമ്പത്, 10, 18 തീയതികളിൽ മേക്കുന്ന് സ്വദേശിനിയായ ഒമ്പതുവയസ്സുകാരി, ചെറുവാഞ്ചേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി, പന്ന്യന്നൂർ സ്വദേശിയായ 57കാരി എന്നിവരാണ് മുംബൈയിൽനിന്നെത്തിയത്. പെരളശ്ശേരി സ്വദേശിയായ 48കാരൻ ആറിന് ബംഗളൂരുവിൽനിന്നും പാനൂർ സ്വദേശിയായ 67കാരൻ 14ന് അഹ്മദാബാദിൽനിന്നും എത്തി. യു.പിയിൽനിന്ന് 65കാരിയായ മണത്തണ കണിച്ചാർ സ്വദേശിനി 18നും നാട്ടിലെത്തി. ഇവർ ആറുപേരും വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലായിരുന്നു. 21നാണ് 16 പേരുടെയും സാമ്പിളുകൾ വിവിധ ആശുപത്രികളിൽനിന്ന് പരിശോധനക്കായി ശേഖരിച്ചത്. നിലവിൽ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 10336 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 53 പേരും അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 37 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 21 പേരും കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ 19 പേരും വീടുകളില്‍ 10206 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ ജില്ലയില്‍നിന്ന് 5445 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 5287 ഫലം ലഭ്യമായി. 5010 ഫലം നെഗറ്റിവാണ്. 158 ഫലം ലഭിക്കാനുണ്ട്. box........... കൈവിട്ടുപോയിട്ടില്ല -ഡി.എം.ഒ ജില്ലയിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്ത കേസുകൾ പ്രതീക്ഷിച്ചതാണെന്നും പേടിക്കാനുള്ള സാഹചര്യമില്ലെന്നും ഡി.എം.ഒ ഡോ. നാരായണനായ്ക് 'മാധ്യമ'ത്തോട് പറഞ്ഞു. കേസുകൾ കൂടിയെന്നത് വാസ്തവമാണ്. എന്നാൽ, കാര്യങ്ങൾ കൈവിട്ടുപോയിട്ടില്ല. ക്വാറൻറീൻ, സാമൂഹിക അകലം, വ്യക്തിസുരക്ഷ എന്നിവ പാലിക്കണം. ആവശ്യമില്ലാതെ പുറത്തിറങ്ങരുത്. പുറത്തിറങ്ങുേമ്പാൾ മാസ്ക് അടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ വേണം. ഇപ്പോഴും ആളുകൾ മാസ്ക് ഇടാതെ നടക്കുന്നത് കാണാറുണ്ട്. ഈ സ്ഥിതി മാറണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.