കൊടുവള്ളി: കുടിവെള്ള പദ്ധതിയുടെ കിണറിനോട് ചേര്‍ന്നുള്ള കുളം വിപുലീകരിച്ചതോടെ കിണറ്റിലെ വെള്ളം വറ്റി നിരവധി കുടുംബങ്ങൾ ദുരിതത്തിൽ. പന്നൂര്‍ കുന്നോത്തുവയല്‍ കട്ടില്‍കുന്ന് കുടിവെള്ള പദ്ധതിയോട് ചേര്‍ന്നുള്ള കുളമാണ് ആഴവും വീതിയും കൂട്ടി വിപുലീകരിച്ചത്. കിണറിന് സമീപത്തുനിന്ന് ആറ് മീറ്റര്‍ അകലെയുണ്ടായിരുന്ന കുളത്തിന് കിണറിനേക്കാള്‍ ആഴം കുറവായിരുന്നു. എന്നാല്‍, ഏതാനും ദിവസമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുളം വലുതാക്കിയപ്പോള്‍ കിണറിനേക്കാള്‍ ആഴം കൂടി. നീളവും വീതിയും കൂട്ടിയതിനാല്‍ കിണറിന് സമീപത്തുനിന്ന് ഒന്നര മീറ്ററോളം മാത്രമാണ് അകലമുള്ളത്. കുളത്തില്‍നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നതിനാല്‍ കിണറ്റില്‍ വെള്ളം കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വെള്ളം പമ്പ് ചെയ്യാന്‍ എത്തിയപ്പോഴാണ് വെള്ളം താഴ്ന്നുപോയതായി കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തഹസില്‍ദാറുടെ നിർദേശ പ്രകാരം വില്ലേജ് ഓഫിസര്‍ സ്ഥലത്തെത്തുകയും കുളം നിര്‍മാണം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. കിഴക്കോത്ത് പഞ്ചായത്തിലെ 14, 15, 16 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട 136 കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിയാണ് അവതാളത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.