എടാട്ട് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം

ലക്ഷങ്ങളുടെ നഷ്ടം പയ്യന്നൂർ: എടാട്ട് ദേശീയപാതയോരത്തെ വെളിച്ചെണ്ണ ഉൽപാദന സ്ഥാപനത്തിൽ വൻ തീപിടിത്തം. തേജ്രാജ് മല്ലറുടെ ഉടമസ്ഥതയിലുള്ള മല്ലർ വെളിച്ചെണ്ണ യൂനിറ്റാണ് കത്തിനശിച്ചത്.10 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. വെള്ളിയാഴ്ച പുലർച്ച 12.55 ഓടെയാണ്, വെളിച്ചെണ്ണ മില്ലിൽനിന്ന് പുക ഉയരുന്നത് കണ്ടവർ പയ്യന്നൂർ അഗ്നിശമനസേനയിൽ വിവരമറിയിച്ചത്. പയ്യന്നൂരിൽനിന്ന് നാലും തൃക്കരിപ്പൂരിൽനിന്ന് മൂന്നും യൂനിറ്റ് അഗ്നിശമന സേനയെത്തി മണിക്കൂറുകളോളം യത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുലർച്ച ഒരു മണിയോടെ ആരംഭിച്ച തീയണക്കൽ രാവിലെ 10 വരെ നീണ്ടു. പയ്യന്നൂർ സ്റ്റേഷൻ ഓഫിസർ പി.പവിത്രൻ, അസി.സ്റ്റേഷൻ ഓഫിസർ സി.പി.ഗോവിന്ദനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. അഗ്നിബാധയിൽ ആയിരക്കണക്കിന് ലിറ്റർ വെളിച്ചെണ്ണയും കൊപ്ര ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളും മിൽ കെട്ടിടവും പൂർണമായും നശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിൽനിന്ന് ജില്ല ഫയർ ഓഫിസർ രാംകുമാർ എത്തി നിരീക്ഷണ കാമറ പരിശോധിച്ചപ്പോൾ പുക ഉയരുന്നത് മാത്രമാണ് കാണാൻ സാധിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.