ശ്രീകണ്ഠപുരം: ലോക്ഡൗൺ നിയന്ത്രണത്തിൽ കുടുങ്ങി മലപ്പട്ടം- കണിയാർവയൽ, ഉളിക്കൽ-കണിയാർവയൽ റോഡുകളുടെ നിർമാണം. മഴ തുടങ്ങിയാൽ പലയിടത്തും റോഡുകൾ ചളിക്കുളമായിമാറും. നേരത്തെ നിർമാണം മന്ദഗതിയിലായതിനാൽ കിഫ്ബി മഞ്ഞപ്പട്ടികയിൽ ഉൾപ്പെടുത്തിയ റോഡുകളാണിത്. മണ്ണിട്ട് ഉയർത്തിയ ഭാഗങ്ങളിലും മണ്ണുമാന്തി താഴ്ത്തിയ ഭാഗങ്ങളിലും മഴ പെയ്താൽ കാൽനട പോലും സാധിക്കാത്ത അവസ്ഥയിലാകും.12.95 കിലോമീറ്റർ വരുന്ന മലപ്പട്ടം - കണിയാർവയൽ- അഡുവാപ്പുറം- പാവന്നൂർ മൊട്ട റോഡ് 2018 ഒക്ടോബർ 17ന് തുടങ്ങി 2020 ഒക്ടോബർ 16ന് പൂർത്തിയാക്കേണ്ട പദ്ധതിയാണ്. എന്നാൽ, നിലവിൽ ഈ റോഡിൻെറ ഏറെ ഭാഗവും പണി ബാക്കിയാണ്. 28.86 കോടി ചെലവിൽ വീതി കൂട്ടി വളവും കയറ്റവും കുറച്ച് കലുങ്കും ഓടയും നടപ്പാതയും നിർമിച്ച് മെക്കാഡം ടാറിങ് നടത്തുന്നതാണ് പദ്ധതി. 62.12 കോടി രൂപ ചെലവിലാണ് കണിയാർ വയൽ- ഉളിക്കൽ റോഡ് നിർമാണം നടത്തുന്നത്. 2020 നവംബർ ആറിന് പണി പൂർത്തിയാക്കേണ്ട 18 കിലോമീറ്റർ വരുന്ന റോഡിൻെറ പകുതി പണിപോലും നടന്നിട്ടില്ല. ഇരിക്കൂർ, മട്ടന്നൂർ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡാണിത്. നാൽപതോളം കലുങ്കുകളും ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തികളും നിർമിക്കണം. എന്നാൽ, ഇനിയും ഒട്ടേറെ പണി പൂർത്തിയാക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.