മൂസക്ക; സേവനത്തി​െൻറ സ്​നേഹസാന്നിധ്യം

മൂസക്ക; സേവനത്തിൻെറ സ്നേഹസാന്നിധ്യം കോഴിക്കോട് : കോവിഡിനെ പേടിച്ച് എല്ലാവരും വീട്ടിലിരിക്കുമ്പോഴും മൂസക്കോയ ഹാജി എന്ന മൂസക്ക കർമനിരതനാണ്. മഹാമാരിയുടെ കാലത്ത് തന്നാലാവുന്ന സേവനവുമായി ഓടി നടക്കുകയാണദ്ദേഹം. മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇത്തരം കുറച്ച് ആളുകളുണ്ട്. വീട്ടിലിരിക്കാതെ മറ്റുള്ളവരുടെ വേദനയൊപ്പുന്നവർ. ഈ സന്നദ്ധ പ്രവർത്തകരിൽ ഒരാളാണ് പെരിങ്ങളം സ്വദേശി മൂസക്കോയ ഹാജി എന്ന മൂസക്ക . 72ാം വയസ്സിലും ചുറുചുറുക്കോടെ പ്രവർത്തിക്കുകയാണദ്ദേഹം. ഓണം, വിഷു, ക്രിസ്മസ്, പെരുന്നാൾ എന്നു വേണ്ട എല്ലാ ആഘോഷങ്ങളും വർഷങ്ങളായി മൂസക്ക ആഘോഷിക്കുന്നത് മെഡിക്കൽ കോളജിൽതന്നെയാണ്. ലോക്ഡൗണിൻെറ പശ്ചാത്തലത്തിൽ എത്തിയ ഈ നോമ്പുകാലത്തും മുറതെറ്റാതെ മെഡിക്കൽ കോളജ് പരിസരത്ത് മൂസക്കയുണ്ട്. മെഡിക്കൽ കോളജ് ഇന്നുള്ള സ്ഥലത്തേക്ക് മാറ്റിയ 1967 മുതൽ കർമനിരതനാണ് മൂസക്ക. കലക്ടറേറ്റിൽ പ്യൂണായിരുന്നു. വിരമിച്ച ശേഷം മുഴുവൻ സമയ സന്നദ്ധ പ്രവർത്തനത്തിലേക്ക് തിരിഞ്ഞു. മെഡിക്കൽ കോളജിെല അത്യാഹിത വിഭാഗത്തിൽ ഒരു രോഗി എത്തുമ്പോഴേക്കും മൂസക്ക ട്രോളിയും തിരഞ്ഞ് ഓടും. മരുന്നു വേണ്ടവർക്ക് അത്, ഭക്ഷണമാണെങ്കിൽ അത്, മരുന്നു വാങ്ങാൻ പണമാണെങ്കിൽ അങ്ങനെ ... എല്ലാത്തരത്തിലും സഹായത്തിന് എപ്പോഴും മുന്നിൽ നിൽക്കും. കടലുണ്ടി ദുരന്തം, മിഠായിത്തെരുവ് തീപിടിത്തം തുടങ്ങിയ ദുരന്ത സമയത്തും മെഡിക്കൽ കോളജിൽ സേവനത്തിന് മുന്നിൽത്തന്നെ ഉണ്ടായിരുന്നു മൂസക്ക. പലരും നോമ്പുകാലത്ത് ഇത്തരം പ്രവർത്തനങ്ങൾ നിർത്തുകയോ സമയക്രമം മാറ്റുകയോ ചെയ്തെങ്കിലും മൂസാക്ക 10 മുതൽ 12 വരെ ഇപ്പോഴും കൃത്യമായി തന്നെ കഞ്ഞി വിതരണം നടത്തുന്നുണ്ട്. ഭക്ഷണ വിതരണം മാതമല്ല, രോഗികൾക്ക് മരുന്നെത്തിക്കാൻ സഹായം ചെയ്യുക, മരുന്നു വാങ്ങാൻ സഹായിക്കുക, ആശുപത്രിയിലുള്ളവർക്ക് രക്തം വേണമെങ്കിൽ സംഘടിപ്പിക്കുക തുടങ്ങിയ സഹായങ്ങളും മൂസക്ക മുൻകൈ എടുത്ത് നടത്തുന്നത്. കൂടാതെ ലോക്ഡൗണിൽ രക്തക്ഷാമം നേരിട്ടപ്പോൾ വടകര, തിരൂർ എന്നിവിടങ്ങളിലെ പരിചയക്കാരുമായി ബന്ധപ്പെട്ട് 75 ഓളം പേരെക്കൊണ്ട് രക്തം ദാനം ചെയ്യിക്കുകയും ചെയ്തു നിപ കാലത്തും മെഡിക്കൽ കോളജിൽ പ്രവർത്തനനിരതനായിരുന്നു. എന്നാൽ, അത് സമൂഹത്തിൽനിന്ന് ചില പ്രശ്നങ്ങൾക്ക് ഇടവരുത്തിയെന്ന് മൂസക്ക പറയുന്നു. എന്നാൽ, ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം പൂർണ പിന്തുണ നൽകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.