വടകര നഗരസഭക്ക് 120 കോടിയുടെ ബജറ്റ്

തരിശുരഹിത വടകര ലക്ഷ്യത്തോടെ കരനെല്‍കൃഷി, ജൈവപച്ചക്കറികൃഷി എന്നിവ നടപ്പാക്കും വടകര: ഉല്‍പാദനമേഖലക്ക് മുന്‍ഗണന നല്‍കി വടകര നഗരസഭ ബജറ്റ്. 120.02 കോടി രൂപ വരവും 109.51 കോടി ചെലവും 10.50 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്‍പേഴ്സൻ കെ.പി. ബിന്ദു അവതരിപ്പിച്ചു. കോവിഡ്ബാധയുടെ സാഹചര്യത്തില്‍ പാര്‍ട്ടി കൗണ്‍സില്‍ ലീഡര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്താണ് ബജറ്റിന് അംഗീകാരം നല്‍കിയത്. ഉല്‍പാദനമേഖലക്ക് 17.42 കോടി, സേവനമേഖലക്ക് 7.62 കോടി രൂപയും പശ്ചാത്തലമേഖലക്ക് 6.35 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. നഗരപരിധിയിലെ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ കായികപരിശീലനത്തിനായി നാലുലക്ഷവും വിദ്യാര്‍ഥികള്‍ക്ക് ആകാശപഠനം നടത്തുന്നതിന് ബഹിരാകാശകേന്ദ്രത്തിൻെറ കാര്യക്ഷമതവര്‍ധിപ്പിക്കാന്‍ രണ്ടുലക്ഷവും നീക്കിവെച്ചു. ഗണിതലാബ് ഒരുക്കാനും സര്‍ക്കാര്‍ സ്കൂളുകളില്‍ സോളാര്‍പാനല്‍ സ്ഥാപിക്കാനും ബജറ്റില്‍ തുകയുണ്ട്. കളരി ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഗാലറി സ്ഥാപിക്കും. പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ പൈപ്പ് ലൈന്‍ വലിക്കാന്‍ തുക വകയിരുത്തി. 'തരിശുരഹിത വടകര'എന്ന ലക്ഷ്യത്തോടെ കരനെല്‍കൃഷി, ജൈവപച്ചക്കറികൃഷി എന്നിവക്ക് പദ്ധതി നടപ്പാക്കും. മത്സ്യമേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസസൗകര്യമൊരുക്കാനും തുക വകയിരുത്തി. വ്യവസായമേഖലയില്‍ വനിതകള്‍ക്ക് ഓട്ടോ വാങ്ങാന്‍ പദ്ധതിയുണ്ട്. നേന്ത്രക്കായയില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പന്നം നിര്‍മിക്കുന്ന യൂനിറ്റ് തുടങ്ങും. സ്ഥലമില്ലാത്ത അംഗന്‍വാടികള്‍ക്ക് സ്ഥലം വാങ്ങല്‍, ബഡ്സ് സ്കൂള്‍, വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം, ഭിന്നശേഷി സ്കോളര്‍ഷിപ് എന്നിവക്ക് തുക വകയിരുത്തി. പണിക്കോട്ടിയിലെ മാതൃ-ശിശു സംരക്ഷണകേന്ദ്രം പി.എച്ച്.സിയായി ഉയര്‍ത്താന്‍ 15 ലക്ഷം രൂപയുണ്ട്. വാസയോഗ്യമല്ലാത്ത വീടുകള്‍ വാസയോഗ്യമാക്കാന്‍ 30 ലക്ഷവും വിശപ്പുരഹിതകേരളത്തിൻെറ ഭാഗമായി ജനകീയ ഹോട്ടല്‍ സ്ഥാപിക്കാന്‍ വാര്‍ഷികപദ്ധതിയിലും ബജറ്റിലും രണ്ടുലക്ഷംരൂപ വീതവും നീക്കിവെച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നാരായണനഗരം മത്സ്യമാര്‍ക്കറ്റ്, താഴെ അങ്ങാടി മത്സ്യമാര്‍ക്കറ്റ് എിവിടങ്ങളില്‍ ട്രീറ്റ്മൻെറ് പ്ളാൻറ് സ്ഥാപിക്കാന്‍ അഞ്ചുകോടിയുടെ ഡി.പി.ആര്‍ സമര്‍പ്പിച്ചതായും ബജറ്റില്‍ വ്യക്തമാക്കി. പട്ടികജാതി-വര്‍ഗ വിഭാഗത്തിൻെറ ക്ഷേമത്തിനായി വീടുനിര്‍മാണം, വീട് വാസയോഗ്യമാക്കല്‍, കിണര്‍ നവീകരണം, വീട് വൈദ്യുതീകരണം, വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം, പഠനമുറി, ലാപ്ടോപ്, സ്കോളര്‍ഷിപ് മുതലായ പദ്ധതികളും വിഭാവനം ചെയ്തതായി ബജറ്റില്‍ ഉറപ്പുനല്‍കുന്നു. ചെയര്‍മാന്‍ കെ. ശ്രീധരന്‍ ആമുഖപ്രസംഗം നടത്തി. ജന വിരുദ്ധമെന്ന് പ്രതിപക്ഷം വടകര: ബജറ്റില്‍ പുതുതായി റോഡ് നിർമിക്കാന്‍ തുക വകയിരുത്താത്തത് അംഗീകാരിക്കാനാവില്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ പി.എം. മുസ്തഫ. പുതിയ റോഡ് നിർമിക്കാന്‍ തുക വകയിരുത്തണം. വര്‍ഷം തോറും കുടിവെള്ള പ്രശ്നം രൂക്ഷമാകുകയാണ്. പൈപ്പ് ലൈന്‍ ഇല്ലാത്ത ഇടങ്ങളില്‍ സ്ഥാപിക്കണം. പി.എം.എ.വൈ പദ്ധതി പ്രകാരം പാവപ്പെട്ടവര്‍ക്ക് വീട് നിർമിക്കാന്‍ കളിസ്ഥലവും കാര്‍ഷിക നഴ്സറിയും പണയം വെക്കേണ്ട ഗതികേടിലാക്കിയ നഗരഭരണം തികഞ്ഞ പരാജയമാണ്. തനത് ഫണ്ട് 12 കോടി മാത്രമാണ്. ഇത് ഓഫിസ് നടത്തിപ്പിനും ശമ്പളത്തിനു പോലും തികയില്ല. സമഗ്ര അഴുക്ക് ചാല്‍ പദ്ധതിക്ക് തു വകയിരുത്തണമെന്ന് എം.പി. ഗംഗാധരന്‍ ആവശ്യപ്പെട്ടു. ലോകമാകെ കോവിഡ്19 നിര്‍മാര്‍ജനത്തില്‍ മുഴുകിയിരിക്കുമ്പോള്‍ ഒരു രൂപ പോലും വകയിരുത്താത്തത് ശരിയായ നടപടിയല്ല. സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള ദുരന്തനിവാരണ പദ്ധതികള്‍ ഉള്‍പ്പെടുത്തണമെന്നും ഗംഗാധരന്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.