പേരാമ്പ്ര: പേരാമ്പ്ര എസ്‌റ്റേറ്റില്‍ ഞായറാഴ്ച വീണ്ടും ആന പ്രസവിച്ചു. എസ്‌റ്റേറ്റിലേക്ക് പ്രവേശിക്കുന്ന ചെക് ക് പോസ്റ്റിന് 250 മീറ്ററോളം അകലെ നാലാം ബ്ലോക്കിലേക്കുള്ള ഉദയ നഗര്‍ റോഡിന് സമീപം കശുമാവിന്‍ തോട്ടത്തിലാണ് ആന പ്രസവിച്ചത്. വൈകീട്ട് കുട്ടിയാനയെയും കൂട്ടി കാട്ടാനക്കൂട്ടം കാട്ടിലേക്ക് പോയി. പത്തോളം വരുന്ന കാട്ടാനകൂട്ടം സമീപത്ത് നിലയുറപ്പിച്ചിരുന്നു. സമീപത്ത് തന്നെ ജനവാസകേന്ദ്രമാണ്. ഞായറാഴ്ചയായതിനാല്‍ എസ്‌റ്റേറ്റില്‍ തൊഴിലാളികള്‍ ഉണ്ടായിരുന്നില്ല. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍നിന്നും വനപാലകരെത്തി കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം 22ാം ബ്ലോക്കിൽ മറ്റൊരു ആന പ്രസവിക്കുകയും കുട്ടി സമീപത്തെ റിസര്‍വോയറിലെ ചതുപ്പിൽ അകപ്പെടുകയും ചെയ്തിരുന്നു. എസ്‌റ്റേറ്റിലെ തൊഴിലാളികളെത്തി ആനക്കുട്ടിയെ രക്ഷിച്ച് കരക്കെത്തിച്ചെങ്കിലും തള്ളയാന തിരികെ വന്നിരുന്നില്ല. ഈ ആനക്കുട്ടി ഇപ്പോള്‍ വനപാലകരുടെ സംരക്ഷണത്തിലാണ്. അന്ന് മനുഷ്യ സ്പര്‍ശവും ഗന്ധവും ഏറ്റതിനാലാവാം കാട്ടാനകളെത്തി തിരികെ കൊണ്ടുപോവാതിരുന്നതെന്ന് കരുതുന്നു. ഒരാഴ്ചയായിട്ട് ഈ എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടങ്ങളുടെ വിളയാട്ടമാണ് 20ഒാളം ആനകൾ എസ്റ്റേറ്റിൽ അലഞ്ഞുതിരിയുന്നുണ്ട്. റബർ മരങ്ങൾ ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജീവൻ പണയംവെച്ചാണ് എസ്റ്റേറ്റിലെ തൊഴിലാളികൾ ജോലിയെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.