ആവളയില്‍ ക്ഷേത്ര വിഗ്രഹം കവർന്നു

പേരാമ്പ്ര: ആവള കോരന്‍കുളങ്ങര പരദേവത ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കളവു പോയി. ചൊവ്വാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തില്‍ വിളക്ക് തെളിയിക്കാന്‍ എത്തിയ സമീപവാസിയാണ് ക്ഷേത്രത്തിൻെറ മുന്‍ ഭാഗത്തെ വാതില്‍ തുറന്നു കിടക്കുന്നതായി കണ്ടത്. പരിശോധനയില്‍ വിഗ്രഹം മോഷണം പോയതായി മനസ്സിലാക്കിയ വേണു ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. എടപ്പോത്തില്‍, ചാത്തഞ്ചേരി തറവാടുകളുടെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം. പ്രശ്‌ന വിധിപ്രകാരം ക്ഷേത്രത്തിനും വിഗ്രഹത്തിനും ആയിരം വര്‍ഷത്തോളം പഴക്കമുള്ളതായി നാട്ടുകാര്‍ പറഞ്ഞു. മേല്‍ ശാന്തി മണിലാല്‍ തിങ്കളാഴ്ച പൂജകഴിഞ്ഞ് ക്ഷേത്രം അടച്ചതാണ്. ക്ഷേത്രത്തിലെത്തിയ മോഷ്ടാവ് വിഗ്രഹം മാത്രമേ എടുത്തിട്ടുള്ളൂ. വിഗ്രഹത്തോട് ചേര്‍ന്ന പ്രഭാവലയം, ചിത്രകൂടം എന്നിവയും ക്ഷേത്രത്തില്‍ സൂക്ഷിച്ച നൂറുകണക്കിന് നിലവിളക്കുകളും കിണ്ടി ഉള്‍പ്പെടെയുള്ള വിലകൂടിയ പാത്രങ്ങളൊന്നും കളവു പോയിട്ടില്ല. വടകര ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം, മേപ്പയ്യൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി. അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. രണ്ടു മാസം മുമ്പ് ക്ഷേത്രത്തിൻെറ തെക്ക് ഭാഗത്തുള്ള വാതില്‍ തള്ളിത്തുറന്നിരുന്നു. എന്നാൽ, ഒന്നും കളവു പോയിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.