തേനരുവിയിലെ ക്വാറി പരിസരവാസികൾക്ക്​ ദുരിതമാകുന്നതായി പരാതി

കോഴിക്കോട്: ഭരണകക്ഷി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറി ജീവനും സ്വത്തിനും ഭീഷണിയായിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. കൂടരഞ്ഞി വില്ലേജിലെ പീടികപ്പാറയിലെ തേനരുവിയിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശത്താണ് ക്വാറി പ്രവർത്തിക്കുന്നതെന്ന് സമീപവാസികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ക്വാറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജില്ല ദുരന്തനിവാരണ അതോറിറി ചെയർമാനായ കലക്ടർക്ക് പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാൽ ഹെകോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. പ്ലാേൻറഷൻ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന നിയമവും ഇവിടെ പാലിക്കുന്നില്ല. ഇവിടെയുള്ള രണ്ട് അരുവികളുടെ ഒഴുക്കും തടസ്സപ്പെട്ടിരിക്കുകയാണ്. വെടിമരുന്ന് സൂക്ഷിക്കുന്നയിടത്തുനിന്ന് വെടിമരുന്നും മറ്റു മാലിന്യങ്ങളും സമീപത്തെ പുഴയിൽ കലരുന്നതും സമീപവാസികളെ ദുരിതത്തിലാക്കി. ടോറസ് അടക്കമുള്ള വലിയവാഹനങ്ങളിൽ, അനുവദനീയമായ അളവിനെക്കാൾ ഇരട്ടിയാണ് പാറക്കല്ലുകൾ കടത്തിക്കൊണ്ടുപോകുന്നത്. ഉരുൾപൊട്ടലുണ്ടായാൽ നടപടിയെടുക്കാമെന്നാണ് കലക്ടറേറ്റിൽ നിന്നുള്ള പ്രതികരണം. ജിജു കള്ളിപ്പാറ, ത്രേസി ബിനോയ്, സിസിലി എബ്രഹാം, നിർമല ചാണ്ടി, റീത്ത ചെറിയാൻ, റോക്കി ചാണ്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. അതേസമയം, നിയമപരമായ എല്ലാ നിബന്ധനകളും പാലിച്ചാണ് തേനരുവിയിലെ ക്വാറി പ്രവർത്തിക്കുന്നതെന്ന് താമരശ്ശേരി തഹസിൽദാർ മുഹമ്മദ് റഫീഖ് പറഞ്ഞു. അതീവ പരിസ്ഥിതിലോല പട്ടികയിൽ നിലവിൽ ഈ സ്ഥലമില്ല. ഉന്നത രാഷ്ട്രീയ നേതാക്കൾക്ക് ഈ ക്വാറിയുമായി ബന്ധമുണ്ടോ എന്നറിയില്ല. അനുവദനീയമായതിൽ കൂടുതൽ പാറ പൊട്ടിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത് ജിയോളജി വകുപ്പാണെന്നും തഹസിൽദാർ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.