തേഞ്ഞിപ്പലത്ത് ക്ഷേത്രങ്ങളിൽ മോഷണം; തിരുവാഭരണങ്ങളും ഏഴ് ഭണ്ഡാരവും കവർന്നു

* നഷ്ടം അഞ്ച് പവൻ സ്വർണവും പണവും തേഞ്ഞിപ്പലം: ക്ഷേത്രങ്ങളിൽനിന്ന് അഞ്ച് പവൻെറ സ്വർണമടങ്ങിയ തിരുവാഭരണങ്ങളും ഭണ ്ഡാരങ്ങളിലെ പണവും കവർന്നു. തേഞ്ഞിപ്പലം ചൊവ്വയിൽ ശിവക്ഷേത്രത്തിലും കാലിക്കറ്റ് സർവകലാശാല വില്ലൂന്നിയാൽ പരദേവത ക്ഷേത്രത്തിലുമാണ് കവർച്ച നടന്നത്. ചൊവ്വയിൽ ശിവക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങളും വില്ലൂന്നിയാൽ പരദേവത ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങളുമാണ് കവർന്നത്. ചൊവ്വയിൽ ശിവക്ഷേത്രം ഓഫിസിൽ സൂക്ഷിച്ച തിരുവാഭരണങ്ങളായ സ്വർണ ചന്ദ്രക്കല, താലികൾ, ശൂലം തുടങ്ങിയവയും മേശയിലുണ്ടായിരുന്ന ചില്ലറകളും മോഷ്ടാക്കൾ എടുത്തു. അലമാരയിൽ സൂക്ഷിച്ച താക്കോൽകൂട്ടവും കൊണ്ടുപോയി. ഭണ്ഡാരങ്ങളുടെയും ഓഫിസിൻെറ പൂട്ടുകളും തകർത്തു. ഭണ്ഡാരങ്ങളിലൊന്ന് പണം എടുത്തശേഷം ക്ഷേത്രത്തിന് സമീപം വെള്ളം ഒഴുകിപോകുന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മറ്റുള്ളവ പൂട്ട് തകർത്ത് പണം കവർന്ന നിലയിലാണ്. വില്ലൂന്നിയാൽ പരദേവത ക്ഷേത്രത്തിൽനിന്ന് മൂന്ന് ഭണ്ഡാരങ്ങൾ തകർത്താണ് പണം കവർന്നത്. ഭണ്ഡാരം ക്ഷേത്രത്തിന്ന് പിന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തേഞ്ഞിപ്പലം സി.ഐ ജി. ബാലചന്ദ്രൻ, എസ്.ഐ ബിനു തോമസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പൊലീസ് നായ് സമീപത്തെ കല്ലുവെട്ടുകുഴി വരെ പോയെങ്കിലും വ്യക്തമായ തെളിവുകൾ കണ്ടെടുക്കാനായില്ല. ഇതിനുമുമ്പ് തേഞ്ഞിപ്പലം സ്റ്റേഷൻ പരിധിയിലുണ്ടായ മോഷണക്കേസുകളിൽ തുമ്പുണ്ടാക്കാനാകാതെ പൊലീസ് ഉഴലുന്നതിനിടെയാണ് ക്ഷേത്രങ്ങളിെല കവർച്ച. കോഹിനൂരിൽ എം.ടി.എം തകർത്ത് പണം കവരാൻ ശ്രമിച്ച സംഭവത്തിലും പള്ളിക്കൽ ബസാറിൽ കണ്ണ് പരിശോധനക്കെന്ന പേരിലെത്തി വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിലും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.