കുന്ദമംഗലം: പടനിലത്തിനടുത്ത് കളരിക്കണ്ടിയിലെ വാടകവീട്ടിൽ നിന്ന് കള്ളനോട്ടടിയന്ത്രവും കള്ളനോട്ടും പിടികൂടി യ സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ബാക്കിയുള്ള കണ്ണികൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. റിമാൻഡിലായ മുഖ്യ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിന് കോടതിയിൽ അപേക്ഷ ഉടൻ നൽകുമെന്ന് കുന്ദമംഗലം പൊലീസ് അറിയിച്ചു. അതേസമയം, ജനങ്ങൾ തിങ്ങിത്താമസിക്കുന്നിടത്ത് ആരും അറിയാതെ ലക്ഷങ്ങളുടെ കള്ളനോട്ടുകൾ അടിച്ചത് വിശ്വസിക്കാനാവാതെ നാട്ടുകാർ. പൊലീസ് എത്തിയ വിവരമറിഞ്ഞ് സ്ത്രീകളടക്കം വൻ ജനാവലിയാണ് വാടകവീടിന് ചുറ്റും കൂടിയത്. മൂന്ന് മാസമായി ഷമീറും ഭാര്യ അസ്നയും മൂന്ന് വയസ്സുള്ള മകനുമാണ് ഇവിടെ താമസിക്കുന്നത്. അയൽവാസികളുമായി ബന്ധങ്ങളൊന്നുമില്ലാതെ ദുരൂഹസാഹചര്യത്തിലാണ് ഇവർ കഴിഞ്ഞിരുന്നത്. പകൽ സമയങ്ങളിൽ ഷമീർ വീട്ടിൽ ഉണ്ടാവാറില്ല. രാത്രിയിലും അതിരാവിലെയും ബൈക്കിൽ ഹെൽമെറ്റ് ധരിച്ച് പോവുന്നതാണ് നാട്ടുകാർ കാണാറുള്ളത്. വീടിൻെറ ഹാളിലാണ് വ്യാജ നോട്ടുകളുടെ പ്രിൻറിങ് നടന്നിരുന്നത്. ഇവിടെയുള്ള ജനലുകൾ വലിയ പുതപ്പുകൊണ്ടും സാരികൊണ്ടും മറച്ച അവസ്ഥയിലാണ്. ക്രമത്തിലുള്ള സീരിയൽ നമ്പറുകളല്ല പ്രിൻറ് ചെയ്ത വ്യാജ നോട്ടുകളിലുള്ളത്. കമ്പ്യൂട്ടർ എഡിറ്റിങ്ങാണ് ഷമീറിൻെറ ജോലി എന്നാണ് അയൽവാസികളെ അറിയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.