സാരമായി പരിക്കേറ്റ ആറുപേരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു ഈങ്ങാപ്പുഴ/വൈത്തിരി: താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ആറുപേരെ താമരശ്ശേരി താലുക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മേപ്പയൂർ സ്വദേശി ലീല, പുൽപ്പള്ളി ശശിമല സ്വദേശി നിഷ, കോഴിക്കോട് ഫ്രാൻസിസ് റോഡ് സ്വദേശി റിയാസ്, പുത്തനത്താണി സ്വദേശി റജീന, പുൽപ്പള്ളി തയ്യിൽ ഷമീന, പുൽപ്പള്ളി ഇരുളത്ത് സൗദാബി എന്നിവരെയാണ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റുള്ളവരെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. ശനിയാഴ്ച രാവിലെ ഏേഴാടെയാണ് സുൽത്താൻ ബത്തേരിയിൽനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന പോയൻറ് ടു പോയൻറ് ബസും കോഴിക്കോടുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന ടി.ടി ബസും കൂട്ടിയിടിച്ചത്. അഞ്ചാം വളവിനും ആറാം വളവിനും ഇടയിലാണ് അപകടം. അതോടെ ചുരത്തിലെ ഗതാഗതം പൂർണമായി സ്തംഭിച്ചു. കനത്ത കോടയിൽ ലോറിയെ മറികടന്നെത്തിയ പി.പി ബസ് ടി.ടിയിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അടിവാരത്തുനിന്ന് ക്രെയിൻ കൊണ്ടുവന്ന് പത്തരയോടെയാണ് അപകടത്തിൽപെട്ട ബസുകൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. താമരശ്ശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.