താമരശ്ശേരി ചുരം: പൂർത്തിയായ പ്രവൃത്തികളുടെ ഉദ്ഘാടനം ഇന്ന്

ഈങ്ങാപ്പുഴ: ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിൽ മൂന്ന്, അഞ്ച് ഹെയർപിൻ വളവുകളിൽ പൂർത്തിയായ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ശനിയാഴ്ച 11ന് മന്ത്രി ജി. സുധാകരന്‍ നിർവഹിക്കും. 2018 ജൂൺ 14ന് കനത്ത മഴയിൽ ചിപ്പിലിത്തോടിനടുത്ത് ചുരം റോഡ് പകുതി ഭാഗം ഇടിഞ്ഞുതകർന്നതോടെ വയനാട് പൂർണമായി ഒറ്റപ്പെട്ടിരുന്നു. സ്ഥലം സന്ദർശിച്ച മന്ത്രിമാരായ ജി. സുധാകരൻ, ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവർ പ്രഖ്യാപിച്ചതായിരുന്നു ചുരം റോഡ് വികസനം. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ചുരത്തിലെ വളവുകൾ വീതി കൂട്ടുന്നതിന് വനഭൂമി വിട്ടുനൽകിയത് വികസനത്തിന് ആക്കം കൂട്ടി. മൂന്ന്, അഞ്ച്, ഏഴ്, എട്ട് വളവുകൾ വീതികൂട്ടുന്നതിന് 0.192 ഹെക്ടർ വനഭൂമിയാണ് ദേശീപാത അധികൃതർക്ക് കൈമാറിയത്. കുന്ദമംഗലം മുതൽ ലക്കിടി വരെയുള്ള ദേശീയപാത വികസനത്തി‍ൻെറ ഭാഗമായാണ് ആറുകോടി രൂപ ചെലവിൽ മൂന്ന്, അഞ്ച് വളവുകൾ വീതികൂട്ടി വികസിപ്പിച്ചത്. കോൺക്രീറ്റ് ഭിത്തി നിർമിച്ച് മണ്ണും ക്വാറി അവശിഷ്ടങ്ങളും നിറച്ചാണ് റോഡ് നിരപ്പാക്കിയത്. 12 മീറ്റർ വീതിയുണ്ടായിരുന്ന മൂന്നാംവളവിൽ 22 മീറ്ററും 18 മീറ്റർ വീതിയുണ്ടായിരുന്ന അഞ്ചാംവളവിൽ 23 മുതൽ 28 മീറ്റർ വരെയും, വികസനം പൂർത്തിയായതോടെ ലഭിച്ചു. രണ്ടും മൂന്നും വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാനാവുന്ന വിധം വളവുകൾ വികസിച്ചതോടെ ചുരത്തിൻെറ ശാപമായിരുന്ന ഗതാഗതക്കുരുക്കിന് പരിധി വരെ പരിഹാരമാകും. ഫണ്ട് ലഭ്യമാകുന്നമുറക്ക് ഏഴ്, എട്ട് വളവുകൾകൂടി വീതി കൂട്ടി വികസിപ്പിക്കുന്നതോടെ വയനാട്ടിലേക്കുള്ള യാത്ര സുഗമമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.