ബേപ്പൂർ തുറമുഖം ഷാർജ അന്താരാഷ്​ട്ര ഫ്രീസോൺ അധികാരികൾ സന്ദർശിച്ചു

ബേപ്പൂർ: ഷാർജ അന്താരാഷ്ട്ര ഫ്രീസോൺ അധികാരികൾ ബേപ്പൂർ തുറമുഖത്തെത്തി. തുറമുഖത്തേക്ക് ചെറുകിട കപ്പലുകൾ വഴി ചര ക്കുകൾ നേരിട്ട് അയക്കുന്നതിനെക്കുറിച്ചുള്ള പ്രാഥമിക നടപടികളെക്കുറിച്ച് പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വിനി പ്രതാപുമായി ചർച്ചചെയ്തു. യു.എ.ഇയിലെ ഖോർഫുഖാൻ, ഫുജൈറ തുറമുഖങ്ങളിൽനിന്നു ചെറുകിട കപ്പലുകൾ വഴി കണ്ടെയ്നർ ചരക്കുകൾ അയക്കുന്നതിനെ സംബന്ധിച്ചാണ് ഫ്രീസോൺ അധികാരികൾ പ്രധാനമായും ചർച്ച നടത്തിയത്. നിലവിൽ കൊച്ചി, മുംബൈ വഴി വരുന്ന കാർഗോ കപ്പലുകൾ അന്താരാഷ്ട്ര തുറമുഖങ്ങളിൽനിന്നു നേരിട്ട് ബേപ്പൂർ തുറമുഖത്തെത്തിക്കുന്നതിലൂടെ കയറ്റുമതി-ഇറക്കുമതി ചെലവ് കുറക്കാമെന്നും അതുവഴി കടൽ ചരക്കു ഗതാഗതം ഊർജിതപ്പെടുത്താമെന്നും ചർച്ചയിൽ പങ്കെടുത്ത പോർട്ട് അഡ്വൈസറി കൗൺസിൽ അംഗവും കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് പ്രതിനിധിയുമായ മുൻഷിദ് അലി തുറമുഖ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തി. ബേപ്പൂർ തുറമുഖത്ത് വിദേശ കണ്ടെയ്നറുകളുടെ ക്ലിയറിങ്ങിന് ആവശ്യമായ ഇ.ഡി.ഐ (ഇലക്ട്രോണിക് ഡാറ്റാ ഇൻറർ ചെയ്ഞ്ച്) പ്രവർത്തനം, വാർഫ് നീളം വർധിപ്പിക്കൽ, ഡ്രെഡ്ജിങ് നടത്തി ആഴംകൂട്ടൽ എന്നിവയുടെ പ്രവർത്തന പുരോഗതി പോർട്ട് ഓഫിസർ ഫ്രീ സോൺ അധികാരികൾക്ക് വിവരിച്ചുകൊടുത്തു. അമേരിക്കക്കും ചൈനക്കുംശേഷം രാജ്യത്തെ മൂന്നാമത്തെ പങ്കാളിത്തവ്യാപാരിയായ യു.എ.ഇയിൽ മുതൽമുടക്കുന്നതിനെക്കുറിച്ച് കയറ്റിറക്കുമതിക്കാരെ ബോധ്യപ്പെടുത്താനാണ് ഷാർജ ഇൻറർനാഷനൽ ഫ്രീ സോൺ ഡയറക്ടർ അലി മുഹമ്മദ് ഖല്ലാഫിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം കേരളത്തിലെത്തിയത്. ന്യൂഡൽഹിയിലെ ഫെഡറേഷൻ ഓഫ് എക്സ്പോർട്ട് ഓർഗനൈസേഷൻെറ സഹകരണത്തോടെ കഴിഞ്ഞദിവസം കോഴിക്കോട്ട് വ്യാപാര വികസന സെമിനാറും നടത്തി. ഷാർജ അന്താരാഷ്ട്ര തുറമുഖ ഫ്രീസോണിൽ കയറ്റിറക്കുമതി വ്യാപാരികൾക്ക് ആവശ്യമായ ലൈസൻസ്, അലോട്ട്മൻെറ് മെമ്മോ, വിസ തുടങ്ങിയ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഫ്രീസോൺ അധികാരികൾ അറിയിച്ചു. കൂടാതെ ഇന്ത്യ, മലേഷ്യ, ചൈന എന്നിവിടങ്ങളിൽനിന്ന് ആഫ്രിക്ക, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ ചരക്കുകൾ അയക്കാൻ ഫ്രീസോണിലൂടെ സാധ്യവുമാണ്. പോർട്ട് ഓഫിസറെ കൂടാതെ ദുൈബ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാൻസ് ഏഷ്യ ഇൻറർനാഷനൽ അധികാരികൾ, കോസ്റ്റൽ ഷിപ്പിങ് മാനേജർ മൂസ അനസ്, അജിനേഷ്‌ മാടാങ്കര എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.