നാടിന് സമർപ്പിച്ചിട്ട് ആറു മാസമായി; നോക്കുകുത്തിയായി ബസ്​ കാത്തിരിപ്പു കേന്ദ്രം

മുക്കം: മണാശ്ശേരി അങ്ങാടിയിലെ ബസ് കാത്തിരിപ്പുകേന്ദ്രം നാടിന് സമർപ്പിച്ചിട്ട് ആറു മാസമായെങ്കിലും ബസുകൾ നിർത്തുന്നതിന് നടപടിയൊന്നുമില്ല. മണാശ്ശേരി ജെ.സി.ഐയുടെ നേതൃത്വത്തിൽ നിർമാണം പൂർത്തീകരിച്ച ബസ് കാത്തിരിപ്പുകേന്ദ്രം കഴിഞ്ഞ സെപ്റ്റംബർ 15നാണ് നാടിന് സമർപ്പിച്ചത്. എന്നാൽ, ബസുകൾ നിർത്തുന്നതിനും മറ്റുമായി നഗരസഭ അധികൃതരും പൊലീസും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. രണ്ടുമാസം മുമ്പാണ് മണാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ ഒരാളുടെ ജീവൻ പൊലിഞ്ഞത്. കെ.എം.സി.ടി മെഡിക്കൽ കോളജ്, എം.എ.എം.ഒ കോളജ്, മണാശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മണാശ്ശേരിയിൽ ബസുകളുടെ അനധികൃത പാർക്കിങ് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മുത്താലം, ചേന്ദമംഗലൂർ ഭാഗങ്ങളിലേക്കും കോഴിക്കോട്, മുക്കം ഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങൾ ഒരുമിച്ചെത്തിയാൽ ഗതാഗതം സ്തംഭനം സങ്കീർണമാണ്. അങ്ങാടിയിൽ ബസ് നിർത്തുന്നതുമൂലം ഗതാഗതക്കുരുക്ക് പതിവായതിനെ തുടർന്ന് അങ്ങാടിയിൽനിന്നു അൽപം മാറിയാണ് പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അധികൃതർ കണ്ണ് തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.