മലിനമായ കിണറുകൾ: സൗജന്യ ശുചീകരണം നടത്തി നാലു യുവാക്കൾ നാട്ടിൽ ശ്രദ്ധ നേടുന്നു

മലിനമായ കിണറുകൾ: സൗജന്യ ശുചീകരണം നടത്തി യുവാക്കൾ മാതൃകയായി മുക്കം: പ്രളയത്തിൽ മലിനമായ കിണറുകൾ വൃത്തിയാക്കി, ദുരിതബാധിതർക്ക് കുടിവെള്ളമൊരുക്കി യുവാക്കൾ മാതൃകയായി. കാരശ്ശേരി സ്വദേശികളായ രവി, രാജീവൻ, രതീഷ്, ജിനീഷ് എന്നിവരാണ് കാരശ്ശേരി പഞ്ചായത്തിലെ മലിനമായ കിണറുകൾ സൗജന്യമായി വൃത്തിയാക്കിയത്. 30ലധികം കിണറുകൾ ഇതിനകം വൃത്തിയാക്കി. കാലവർഷക്കെടുതിയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പഞ്ചായത്തുകളിലൊന്നാണ് കാരശ്ശേരി. പഞ്ചായത്തിലെ 25 ഇടങ്ങളിൽ ഉരുൾപൊട്ടിയിരുന്നു. 1500ഓളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. കനത്ത വെള്ളപ്പൊക്കത്തിൽ 200ലേറെ കിണറുകളാണ് ചളിവെള്ളം കയറി മലിനമായത്. വെള്ളമിറങ്ങിയ ശേഷം ദുരിതബാധിതരുടെ വീടും പരിസരവും ശുചീകരിക്കാൻ വിവിധ സംഘടനകളും സന്നദ്ധ പ്രവർത്തകരും രംഗത്തെത്തിയിരുന്നെങ്കിലും പലയിടത്തും കിണർ ശുചീകരണം പ്രതിസന്ധിയിലായിരുന്നു. ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് തിരിച്ചെത്തിയവർക്ക് ഭക്ഷണം പാകം ചെയ്യാനും കുടിക്കാനും വെള്ളമില്ലാതെ വലയുകയായിരുന്നു. വെള്ളം കയറി മലിനമായ കിണറുകൾ നന്നാക്കാൻ പഞ്ചായത്ത് ഓരോ കിണറിനും 1000 രൂപയുടെ പ്രഖ്യാപനം നടത്തിയെങ്കിലും ആളെ കിട്ടാതെ പ്രയാസപ്പെടുമ്പോഴാണ് നാലു യുവാക്കളും രംഗത്തിറങ്ങിയത്. ചിലർ കിണർ ശുചീകരണത്തിന് 3000 രൂപ മുതൽ 5000 രൂപ വരെ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ നാലു യുവാക്കൾ കിണർ സൗജന്യമായി ശുചീകരണത്തിൽ സജീവമായത്. മഴയുടെ ശക്തി കാരണം പല കിണറുകളിലും ഉറവ കനത്തു. മൂന്ന് പമ്പ്സെറ്റുകൾ ഉപയോഗിച്ചാണ് കിണറിലെ വെള്ളം ഒഴിവാക്കുന്നത്. ഇപ്രകാരം വാടകയും യാത്രക്കൂലിയും മറ്റുമായി ഒരു കിണറിന് ആയിരം രൂപ നിരക്കിൽ പഞ്ചായത്ത് നൽകുന്നുണ്ട്. ഒരു ദിവസം പരമാവധി മൂന്ന് കിണറുകൾ മാത്രമേ ശുചീകരിക്കാൻ സാധിക്കൂ. പമ്പ്സെറ്റുകൾക്ക് വാടകയിനത്തിൽ മാത്രം 1800 രൂപ ചെലവ് വരും. യാത്രക്കൂലിയും ഡീസൽ പൈസയും വേറെയും നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.